
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യു.എസിലേക്ക് തിരിക്കും. ക്വാഡ് ഉച്ചകോടി, യു.എൻ സമ്മേളനം, ഇന്ത്യൻ പ്രവാസികളുടെ സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും തീരുമാനിച്ചിട്ടുണ്ട്.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ ഡെൽവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന വാർഷിക ക്വാഡ് ഉച്ചകോടിയാണ് പ്രധാനമന്ത്രിയുടെ അജണ്ടയിലെ ആദ്യ പരിപാടി. ഇന്തോ-പസഫിക്ക് മേഖലയിലെ സുരക്ഷയാണ് പ്രധാന ചർച്ച. അടുത്ത ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ യു.എസ് ചർച്ചകൾ ഇന്ത്യയ്ക്കും നിർണായകമാണ്. ഉച്ചകോടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യു.എൻ ഉച്ചകോടിക്കെത്തുന്ന യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻക്സിയുമായി റഷ്യയുമായുള്ള സംഘർഷം കുറയ്‌ക്കാനുള്ള ചർച്ചകൾ നടത്തും. ന്യൂയോർക്കിൽ ടെക്‌നോളജി കമ്പനി മേധാവികളുമായി കൂടിക്കാഴ്ച, 22ന് പ്രവാസികൾ പങ്കെടുക്കുന്ന 'മോദി ആൻഡ് യു.എസ്, പ്രോഗ്രസ് ടുഗെദർ’ പരിപാടി എന്നിവയ്‌ക്കു ശേഷം മോദി ഐക്യരാഷ്‌ട്രസഭയുടെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
ക്യാൻസർ മൂൺഷോട്ട്
ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി യു.എസ് താത്‌പര്യത്തോടെ സംഘടിപ്പിക്കുന്ന ക്യാൻസർ മൂൺഷോട്ട് പരിപാടിയും പ്രധാനമാണ്. രോഗികളിലും കുടുംബങ്ങളിലും ക്യാൻസർ ആഘാതം തടയൽ, രോഗം കണ്ടെത്തൽ, ചികിത്സിക്കുന്നതിനും ലഘൂകരിക്കാനുമുള്ള നൂതന തന്ത്രങ്ങൾ എന്നിവ നടപ്പിലാക്കാൻ പരിപാടി ലക്ഷ്യമിടുന്നു.ഇന്തോ-പസഫിക് മേഖലയിലെ ഗർഭാശയ ക്യാൻസർ കുറയ്‌ക്കാനുള്ള ചർച്ചകളുമുണ്ടാകുമെന്ന് വിദേശകാര്യസെക്രട്ടറി വിക്രസം മിസ്രി പറഞ്ഞു.