d

ന്യൂഡൽഹി: പരമ്പരാഗത തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പി.എം വിശ്വകർമ്മ പദ്ധതി തൊഴിലാളികളെ സംരംഭകരും വ്യവസായ ഉടമകളുമാക്കാൻ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ വർധയിൽ പി.എം വിശ്വകർമ ദേശീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽപരമായ കഴിവു പ്രകടിപ്പിക്കുന്ന നിരവധി പേർ ഇന്ത്യയുടെ അഭിവൃദ്ധിയുടെ അടിത്തറയാണ്. അവരുടെ അറിവും ശാസ്ത്രവും വ്യാപിപ്പിക്കും. പരമ്പരാഗത കരകൗശല വസ്തുക്കളോടുള്ള ബഹുമാനം, കരകൗശല വിദഗ്ദ്ധരുടെ ശാക്തീകരണം, വിശ്വകർമജരുടെ അഭിവൃദ്ധി എന്നിവയാണ് ലക്ഷ്യം. അവർ കേവലം കരകൗശല വിദഗ്ദ്ധരായി തുടർന്നാൽ പോര, സംരംഭകരും വ്യവസായ ഉടമകളുമാകണം. അവരുടെ പ്രവർത്തനങ്ങൾക്ക് എം.എസ്.എം.ഇ പദവി നൽകാൻ ആലോചിക്കുന്നു. വൻകിട കമ്പനികളുടെ വിതരണ ശൃംഖലയുടെ ഭാഗമാക്കി വിശ്വകർമജരെ മാറ്റാൻ പരമ്പരാഗത ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന ഒരു ജില്ല ഒരു ഉത്പന്നം, ഏകതാ മാൾ തുടങ്ങിയ ഉദ്യമങ്ങളുമുണ്ട്. 18 വ്യത്യസ്ത പരമ്പരാഗത വൈദഗ്‌ദ്ധ്യമുള്ള 20 ലക്ഷത്തിലധികം പേരെ പി.എം വിശ്വകർമ യോജനയുമായി ബന്ധിപ്പിച്ചു. ആധുനിക യന്ത്രസാമഗ്രികളും ഡിജിറ്റൽ സങ്കേതങ്ങളും അവതരിപ്പിച്ച് എട്ട് ലക്ഷത്തിലധികം കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ദ്ധർക്കും നൈപുണ്യ പരിശീലനവും നവീകരണവും നൽകി. ഉത്പാദനക്ഷമതയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആധുനിക ഉപകരണങ്ങൾ, 15,000 രൂപയുടെ ഇ-വൗച്ചർ, വ്യവസായം വിപുലപ്പെടുത്തുന്നതിനുള്ള ഉറപ്പ് എന്നിവ കൂടാതെ, 6 ലക്ഷത്തിലധികം വിശ്വകർമജർക്ക് മൂന്ന് ലക്ഷം രൂപ വീതം വായ്പയും നൽകി. ഒരു വർഷത്തിനുള്ളിൽ 1400 കോടി രൂപയാണ് വായ്‌പ നൽകിയത്.

വഞ്ചനാപരമായ വാഗ്ദാനങ്ങളിൽ അകപ്പെടാതിരിക്കാനും ജാഗ്രത പാലിക്കാനും മഹാരാഷ്ട്രയിലെ കർഷകരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു. പി.എം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളുടെയും വായ്പകളുടെയും വിതരണം നടന്നു. പി.എം വിശ്വകർമ്മ പദ്ധതി സ്മരണിക സ്റ്റാമ്പും പ്രകാശനം ചെയ്തു.

കോൺഗ്രസ്

ഭിന്നിപ്പുണ്ടാക്കുന്നു


സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെയും വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അവഹേളിക്കുന്നവരെയും സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി. വിദേശത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനകൾ സൂചിപ്പിച്ചായിരുന്നു അത്. ഇന്നത്തെ കോൺഗ്രസിൽ രാജ്യസ്നേഹത്തിന്റ ചൈതന്യമില്ല. പകരം വെറുപ്പിന്റെ പ്രേതം ബാധിച്ചു. വിദേശത്ത് പോയി രാജ്യത്തിന്റെ സംസ്കാരത്തെ അപമാനിക്കുന്നു. ഇത് പഴയ കോൺഗ്രസല്ല. രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ ഏതെങ്കിലും കുടുംബമുണ്ടെങ്കിൽ അത് കോൺഗ്രസിലാണെന്നും മോദി പറഞ്ഞു.