e

ന്യൂഡൽഹി : യു.എസിൽ നടത്തിയ സിഖ് പരാമർശത്തിൽ തനിക്കെതിരെ ബി.ജെ.പി നുണ പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സിഖ് സമുദായത്തിലെ ഉൾപ്പെടെ എല്ലാവർക്കും ഭയമില്ലാതെ,​ സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറേണ്ടതല്ലേയെന്ന് രാഹുൽ ചോദിച്ചു. താൻ പറഞ്ഞതിൽ എവിടെയാണ് തെറ്റ് ?​ ഇക്കാര്യം സിഖ് സഹോദരങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. പതിവു പോലെ ഈ വിഷയത്തിലും ബി.ജെ.പി വ്യാജപ്രചാരണം നടത്തുന്നു. സത്യം അംഗീകരിക്കാൻ കഴിയാതെ നിശബ്‌ദനാക്കാൻ ശ്രമിക്കുന്നു. ഇന്ത്യയെ നിർവചിക്കുന്ന നാനാത്വത്തിൽ ഏകത്വം,​ തുല്യത,​ സ്നേഹം തുടങ്ങിയ മൂല്യങ്ങൾക്ക് വേണ്ടി താൻ എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും. എക്‌സ് അക്കൗണ്ടിലാണ് രാഹുലിന്റെ പ്രതികരണം. ഇന്ത്യയിൽ സിഖ് സമുദായത്തിന് സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാൻ കഴിയുന്നില്ലെന്ന മട്ടിൽ രാഹുൽ നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു അടക്കം രംഗത്തെത്തിയിരുന്നു.