ന്യൂഡൽഹി: പ്രതിരോധം, ബഹിരാകാശം, ഊർജ്ജം, ടെലികോം, സെമികണ്ടക്‌ടർ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ധാരണയായി.
ക്വാഡ് ഉച്ചകോടിക്കിടെ ബൈഡന്റെ വിൽമിംഗ്ടണിലെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ഇന്ത്യ- യു. എസ് പങ്കാളിത്തത്തിൽ ബൈഡന്റെ സംഭാവനകളെ മോദി അഭിനന്ദിച്ചു. ഇന്തോ-പസിഫിക് അടക്കം ആഗോള, പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവച്ചു.
ക്വാഡ് അടക്കം സമാന പങ്കാളികളുമായി സഹകരണം ശക്തമാക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്‌നോളജി, ബയോടെക്‌നോളജി, ശുദ്ധ എനർജി സൈബർ സുരക്ഷ മേഖലകളിൽ സഹകരണം ശക്തമാക്കും.
ദേശീയ സുരക്ഷയ്‌ക്കും ഹരിത ഊർജ്ജത്തിനുമായി സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ്സ്ഥാപിക്കും. 2025ൽ നാസയും ഐ. എസ്. ആർ.ഒയും സഹകരിച്ച് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ശാസ‌്ത്ര ഗവേഷണം നടത്തും.രാസലഹരി വസ്തുക്കളും അനധികൃത മരുന്നുകളും തടയാൻ യുഎസ്-ഇന്ത്യ ഡ്രഗ് നയം ആവിഷ്‌കരിക്കും.
പ്രതിരോധ വ്യവസായ പങ്കാളിത്തം
1.ജെറ്റ് എൻജിനുകൾ, യുദ്ധോപകരണങ്ങൾ, വെടിക്കോപ്പുകൾ ഗ്രൗണ്ട് മൊബിലിറ്റി സംയുക്ത നിർമ്മാണ പദ്ധതി
2.ലോക്ക്ഹീഡ് മാർട്ടിൻ, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് കമ്പനികൾ കരാറൊപ്പിട്ട സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾക്കായി ഇന്ത്യയിൽ അറ്റകുറ്റപ്പണി കേന്ദ്രം.
3.ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ ജനറൽ അറ്റോമിക്സ് കമ്പനിയുടെ 31എം.ക്യു-9ബി ഡ്രോണുകൾ വാങ്ങാനുള്ള കരാർ വിലയിരുത്തി.
4.വിമാന എൻജിൻ, സ്‌പെയർപാർട്സ്, അറ്റകുറ്റപ്പണി, ഓവർഹോൾ മേഖലയിൽ 5% ജി.എസ്.ടി ബൈഡൻ സ്വാഗതം ചെയ്തു.
ഊർജ്ജ സഹകരണം
1.യു.എസ് സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ സൗരോർജ്ജ ഉത്പാദനം.
2.ടാറ്റ പവർ സോളാറിന് 25കോടി ഡോളറും ഫസ്റ്റ് സോളാറിന് 50 കോടി ഡോളറും
3. ഐ.ബി.ആർ.ഡി വഴി 100 കോടി ഡോളർ.
4. സൗരോർജം, കാറ്റ്, ബാറ്ററി, ധാതു മേഖലകളിൽ യു. എസ് നിക്ഷേപം.
5.എവർസോഴ്സ് ക്യാപിറ്റലിന്റെ 90 കോടി ഡോളർ
6.ഇലക്‌ട്രിക് ബസ്, ഇലക്‌ട്രിക് വാഹന ബാറ്ററി
7. സോളാർ വേഫർ,സോളാർ സെല്ലുകൾ
8.വിൻഡ് ടർബൈൻ ഘടകങ്ങൾ
9.കണ്ടക്ടർ, കേബിളിംഗ്, ട്രാൻസ്ഫോർമർ
മോദിക്ക് പ്രശംസ
മോദിയുടെ ചരിത്രം കുറിച്ച പോളണ്ട്, യുക്രെയിൻ സന്ദർശനത്തിന് ബൈഡന്റെ പ്രശംസ. റഷ്യയുമായി യുദ്ധം തുടരുമ്പോഴാണ് സമാധാന സന്ദേശവുമായി മോദി യുക്രെയിനിൽ എത്തിയതെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. മോദിയുടെ റഷ്യൻ സന്ദർശനം പരാമർശിച്ചില്ല. ജി - 20കൂട്ടായ്‌മ പോലുള്ള ലോക വേദികളിൽ ഇന്ത്യയുടെയും മോദിയുടെയും നേതൃത്വം പ്രശംസനീയമാണ്. യു. എൻ. രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വത്തിന് യു. എസ് പിന്തുണ ബൈഡൻ ആവർത്തിച്ചു.
സാമ്പത്തിക കൂട്ടായ്മ
യു.എസ് നേതൃത്വത്തിൽ 2022 മേയ് 23ന് ടോയോയിൽ രൂപം കൊണ്ട 14 ഇന്തോ - പസിഫിക് രാജ്യങ്ങളുടെ കൂട്ടായ്‌മയുടെ നാല് അടിസ്ഥാന കരാറുകളിൽ മൂന്നിലും ഇന്ത്യ ഒപ്പിട്ടു. ശുദ്ധ ഊർജ്ജം, വ്യാപാര സുതാര്യത, അഴിമതി നിർമ്മാർജ്ജനം എന്നീ കരാറുകളിലാണ് ധാരണയായത്.