
ന്യൂഡൽഹി: അന്താരാഷ്ട്ര നിയമങ്ങളും യു.എൻ തത്വങ്ങളും പാലിച്ച് യുക്രെയിനിലും ഗാസയിലും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ, യു.എസ്, ആസ്ട്രേലിയ, ജപ്പാൻ കൂട്ടായ്മയായ ക്വാഡ് ആവശ്യപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ബലപ്രയോഗവും ഭീഷണിയും ഒഴിവാക്കണം.
യുക്രെയിൻ സംഘർഷം തീർക്കാൻ പ്രധാനമന്ത്രി നനരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളെ യു.എസിലെ വിൽമിങ്ടണിൽ നടന്ന ക്വാഡ് നേതാക്കളുടെ ആറാമത് ഉച്ചകോടി അഭിനന്ദിച്ചു. ഷേഖ് ഹസീന പുറത്തായ ശേഷമുള്ള ബംഗ്ളാദേശിലെ സാഹചര്യവും ചർച്ചയായി.
രാജ്യങ്ങൾ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് ഉച്ചകോടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യുക്രെയിനിലെ മാനുഷിക ദുരിതത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. സംഘർഷം ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും വിലയിരുത്തി. ആണവായുധങ്ങൾ തടയും. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കണം. പാലസ്തീന്റെ പരമാധികാരവും ഇസ്രയേലിന്റെ സുരക്ഷയും സംരക്ഷിക്കണം.
ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെ അപലപിച്ചു. ഗാസയിൽ സിവിലിയൻമാരെ ആക്രമിക്കുന്നത് സ്വീകാര്യമല്ല. ഹമാസ് ബന്ദികളെ മോചിപ്പിക്കണം. ഗാസയിൽ മാനുഷിക സഹായം വർദ്ധിപ്പിക്കണം. ഗാസയുടെ പുനർനിർമ്മാണത്തിന് അന്താരാഷ്ട്ര പിന്തുണയുണ്ടാകണം.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവർ പങ്കെടുത്തു.കാലാവധി പൂർത്തിയാക്കുന്ന ജോ ബൈഡനും ഫ്യൂമിയോ കിഷിദക്കുമുള്ള 'വിടവാങ്ങൽ' ഉച്ചകോടിയാണ്. അടുത്ത ഉച്ചകോടി ഇന്ത്യയിലാണ്.
ക്വാഡ് നേതാക്കളുമായി മോദി ചർച്ച നടത്തി. ഫിജി, കൊമോറോസ്, മഡഗാസ്കർ, സീഷെൽസ് രാജ്യങ്ങളിലെ സോളാർ പദ്ധതികളിൽ ഇന്ത്യ 20ലക്ഷം ഡോളർ നിക്ഷേപിക്കും.
ഉച്ചകോടിയിലെ ചർച്ചകൾ:
ക്വാഡ് കാൻസർ മൂൺഷോട്ട്:ഇൻഡോ-പസിഫിക് മേഖലയിൽ സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ പങ്കാളിത്തം.
മൈത്രി: സമുദ്ര പരിശീലനത്തിന് സംരംഭം (മാരിടൈം ഇനിഷ്യേറ്റീവ് ഫോർ ട്രെയിനിങ് ഇൻ ദി ഇൻഡോ-പസിഫിക്-മൈത്രി”
പ്രകൃതിദുരന്തങ്ങളെ നേരിടാൻ ക്വാഡ് പദ്ധതി.
സമുദ്രസുരക്ഷയ്ക്ക് 2025ൽ “ക്വാഡ്-അറ്റ്-സീ സമുദ്ര നിരീക്ഷണം.
ഇന്തോ-പസഫിക്കിൽ തുറമുഖ അടിസ്ഥാന സൗകര്യവികസനം
ഡിജിറ്റൽ സൗകര്യങ്ങളുടെ വികസനം
സെമികണ്ടക്ടർ ശൃംഖലകളുടെ പുനരുജ്ജീവനം.
വിദ്യാർത്ഥികൾക്ക് ക്വാഡ് സ്റ്റെം ഫെലോഷിപ്പിൽ ഉപവിഭാഗം.