
ന്യൂഡൽഹി: മദ്യനയ അഴിമതിയുടെ പേരിൽ ബി.ജെ.പി കള്ളൻ എന്നുവിളിച്ചപ്പോൾ വേദനിച്ചെന്നും അതു പ്രതിരോധിക്കാനുള്ള തൊലിക്കട്ടിയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതെന്നും ആം ആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാൾ. പണമുണ്ടാനല്ല മുഖ്യമന്ത്രിയായതെന്നും അദ്ദേഹം ഡൽഹി ജന്ദർമന്ദറിൽ നടത്തിയ ജൻ അദാലത്തിൽ പറഞ്ഞു.
രാഷ്ട്രീയക്കാർക്ക് ആരോപണങ്ങൾ ചെറുക്കാൻ തൊലിക്കട്ടിയുണ്ട്. ഞാൻ രാഷ്ട്രീയക്കാരനല്ല. ബി.ജെ.പി കള്ളനെന്നും അഴിമതിക്കാരനെന്നും വിളിച്ചപ്പോൾ ഹൃദയം തകർന്നു. അതിനാലാണ് രാജിവച്ചത്. മുഖ്യമന്ത്രി കസേരയോട് അത്യാഗ്രഹമില്ല. കാരണം പണം സമ്പാദിക്കാനല്ല പദവിയിലെത്തിയത്. ആദായനികുതി വകുപ്പിലെ ജോലിയിൽ തുടർന്നിരുന്നെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. അതുപേക്ഷിച്ചത് ഭാരത് മാതാവിന് വേണ്ടിയാണ്. രാജ്യത്തിന്റെ ഗതിമാറ്റാനാണ്. തനിക്ക് സ്വന്തമായി ഒരു വീടില്ല.
മുഖ്യമന്ത്രിയുടെ ബംഗ്ലാവ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഒഴിയും. പത്ത് വർഷമായി സമ്പാദിച്ചത് സ്നേഹം മാത്രമാണ്. സ്വന്തം വീട് തരാമെന്ന് നിരവധി ആളുകൾ പറയുന്നു. നവരാത്രിയുടെ തുടക്കത്തിൽ നിങ്ങളിൽ ഒരാളുടെ വീട്ടിൽ വരും-കേജ്‌രിവാൾ പറഞ്ഞു.
ഗൂഢാലോചന നടത്തി
വൈദ്യുതിയും വെള്ളവും ചികിത്സയും സൗജന്യമാക്കി സത്യസന്ധമായി ഭരിച്ചപ്പോൾ മോദിക്ക് സഹിച്ചില്ല. ഞങ്ങളെ തോൽപ്പിക്കാൻ സത്യസന്ധതയെ ആക്രമിച്ചു. കേജ്‌രിവാളും സിസോദിയയും ആം ആദ്‌മി പാർട്ടിയും സത്യസന്ധരല്ലെന്ന് തെളിയിക്കാനും ജയിലിൽ അടയ്‌ക്കാനും ഗൂഢാലോചന നടത്തി. സത്യസന്ധനല്ലെങ്കിൽ, എനിക്ക് സൗജന്യമായി വൈദ്യുതി നൽകാനാകുമോ? സ്‌കൂളുകൾ നിർമ്മിക്കാൻ കഴിയുമോ? ഞാൻ കള്ളനാണോ എന്ന് അറിയണം. തന്നെ തടവിലാക്കിയവർ കള്ളന്മാരാണെന്നും കേജ്‌രിവാൾ പറഞ്ഞു.
മോദി ബി.ജെ.പിയിൽ അഴിമതിക്കാരെ ഉൾപ്പെടുത്തിയതിൽ യോജിക്കുന്നുണ്ടോയെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനോട് കേജ്‌രിവാൾ ചോദിച്ചു.