supreme-court


# മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി
#കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം

ന്യൂഡൽഹി: കുട്ടികളെ ഇരകളാക്കുന്ന അശ്ലീല വീഡിയോകൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും കൈവശം വയ്‌ക്കുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമത്തിലെ വകുപ്പ് 15 പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വീഡിയോകൾ സ്വന്തം ഫോണിൽ മാത്രം സൂക്ഷിച്ചുവച്ചുകാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിവാദവിധി തിരുത്തി. ഹൈക്കോടതിക്ക് ഗുരുതരമായ പിഴവുപറ്റിയെന്നും നിരീക്ഷിച്ചു. തിരുവള്ളൂരിലെ സെഷൻസ് കോടതിയിലെ കേസ് നടപടികൾ തുടരാനും നിർദ്ദേശിച്ചു.

ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടാലുടൻ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ അധികൃ‌തർക്ക് റിപ്പോർട്ട് ചെയ്യണം. ചൂഷണം തടയാൻ സ്‌കൂൾതലത്തിൽ വിദ്യാ‌ർത്ഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം. 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലെയൻസ്" സംഘടനയുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

കണ്ടാൽ പിഴശിക്ഷ,

പ്രചരിപ്പിച്ചാൽ തടവ്

1.കുട്ടികളെ ഇരയാക്കുന്ന വീഡിയോ ആണെന്ന് അറിഞ്ഞുവച്ച് കാണുന്നത് കുറ്റകരം. ലിങ്ക് തുറക്കുമ്പോൾ, ചൈൽഡ് പോൺ ആണെന്ന് മനസിലായാൽ ക്ലോസ് ചെയ്യണം. കാണൽ തുടരുകയാണെങ്കിൽ കുറ്റകരം

2.ഡൗൺലോഡ് ചെയ്യാതെ കണ്ടാലും 'കൈവശം' സൂക്ഷിച്ചതായി കണക്കാക്കും. ഡൗൺലോഡ് ആകുകയാണെങ്കിൽ ഡിലീറ്റ് ചെയ്യാത്തതും അധികൃതർക്ക് റിപ്പോർട്ട് ചെയ്യാത്തതും കുറ്റകരം

കൂടുതൽ പേരിലേക്ക് കൈമാറ്റം ചെയ്യാൻ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് കണക്കാക്കും.

ഇത്തരം കുറ്റങ്ങൾ ആദ്യതവണയാണെങ്കിൽ 5000 രൂപ പിഴ. ആവർത്തിച്ചാൽ പിഴ 10000.

3.വീഡിയോകൾ പ്രദർശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും വിറ്റ് പണമുണ്ടാക്കാനായി സൂക്ഷിച്ചുവയ്‌ക്കുന്നതും കുറ്റകരം.ആദ്യ കേസാണെങ്കിൽ മൂന്നുമുതൽ അഞ്ചുവർഷം വരെ തടവ്. ആവർത്തിച്ചാൽ അഞ്ചുമുതൽ ഏഴു വർഷംവരെയും.

വാക്കിനും വിലക്ക്

പോക്സോ നിയമത്തിൽ 'ചൈൽഡ് പോണോഗ്രഫി' എന്ന വാക്ക് വേണ്ട. കോടതികൾ ഉപയോഗിക്കരുത്. 'ചൈൽഡ് സെക്‌‌ഷ്വൽ എക്‌സ്‌പ്ലോയിറ്റേറ്റീവ് ആൻഡ് അബ്യുസ് മെറ്റീരിയൽ' (കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്‌തുക്കൾ) എന്ന് പകരം ചേർക്കണം. കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണം. നിയമഭേദഗതി കൊണ്ടുവരണം.

''കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെയുള്ള നിയമത്തെ ജുഡിഷ്യറി വിശദമായി പരിഗണിച്ച ലോകത്തിലെ ആദ്യകേസാണിത്

- ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്