
ന്യൂഡൽഹി:വനവാസത്തിന് പോകേണ്ടിവന്ന ശ്രീരാമന്റെ പാദുകങ്ങൾ സൂക്ഷിച്ചുവച്ച് സഹോദരൻ ഭരതൻ 14 വർഷം അയോദ്ധ്യ ഭരിച്ചതു പോലെയാണ് ഡൽഹിയിലെ തന്റെ ഭരണമെന്ന് മുഖ്യമന്ത്രി അതിഷി. ഇന്നലെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റശേഷമാണ് ഈ പ്രതികരണം. ഭരതന്റെ അതേ വേദനയാണ് താൻ അനുഭവിക്കുന്നത്. അദ്ദേഹത്തെപ്പോലെ ശേഷിക്കുന്ന നാലുമാസം താൻ ഡൽഹി ഭരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ അരവിന്ദ് കേജ്‌രിവാൾ ഉപയോഗിച്ചിരുന്ന കസേര ഒഴിച്ചിട്ടിരിക്കുന്നതിന്റെ ചിത്രവും എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചു. കേജ്‌രിവാൾ ഉപയോഗിച്ചിരുന്ന വലിയ കസേരയ്‌ക്ക് പകരം അതിനേക്കാൾ ചെറിയ വെള്ള കസേരയിൽ അതിഷി ഇരിക്കുന്ന നിലയിലുള്ളതാണ് ചിത്രം.
ശ്രീരാമൻ ധാർമികതയുടെ ഉദാഹരണമാണ്. കേജ്‌രിവാൾ രാഷ്ട്രീയ ധാർമികതയുടെ ഉദാഹരണമാണ്. മുഖ്യമന്ത്രി കസേര അദ്ദേഹത്തിന്റേതാണെന്നും അതിഷി കൂട്ടിച്ചേർത്തു. മദ്യനയക്കേസിൽ ആരോപണം നേരിടുന്ന കേജ്‌രിവാൾ രാജിവച്ചതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് അതിഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ഡൽഹിയിൽ അടുത്ത ജനുവരിയിലോ, ഫെബ്രുവരിയിലോ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
# അവഹേളനമെന്ന് ബി.ജെ.പി
ഭരണഘടനയോടും മുഖ്യമന്ത്രി പദത്തോടുമുള്ള കടുത്ത അവഹേളനമെന്ന് ബി.ജെ.പി വിമർശിച്ചു. ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ പറഞ്ഞു. റിമോട്ട് കൺട്രോൾ ഭരണമാണോ നടക്കുന്നതെന്ന് കേജ്‌രിവാൾ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഡമ്മി മുഖ്യമന്ത്രിയാണെന്ന സന്ദേശം നൽകുന്നതാണ് അതിഷിയുടെ നടപടിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.