ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന സി.ബി.ഐ കണ്ടെത്തൽ കേന്ദ്രസർക്കാരിനും എൻ.ടി.എയ്‌ക്കും ഒരുപോലെ ആശ്വാസമായി. സുപ്രീംകോടതിയുടെ സജീവശ്രദ്ധയുള്ള വിഷയമായതുകൊണ്ടുകൂടിയാണത്. പാട്നയിലെ പ്രത്യേക കോടതിയിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ് സി.ബി.ഐ. . ജാർഖണ്ഡിലെ ഹസാരിബാഗ് ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. അഹ്സനുൾ ഹഖ്, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഇംതിയാസ് ആലം, മാദ്ധ്യമപ്രവർത്തകനായ ജമാലുദ്ദിൻ തുടങ്ങി ആറ് പ്രതികളാണുള്ളത്. രണ്ടു കുറ്റപത്രങ്ങളിലുമായി ആകെ 20 പ്രതികളായി.
ഗൂഢാലോചന, തട്ടിപ്പ്, തെളിവു നശിപ്പിക്കൽ, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ്. ഇതുവരെ 48 പേരാണ് അറസ്റ്റിലായത്. ആഗസ്റ്റ് ഒന്നിനാണ് ആദ്യ കുറ്റപത്രം സി.ബി.ഐ സമർപ്പിച്ചത്.