നിരീക്ഷണം പഞ്ചാബ് സർക്കാരിന്റെ അടക്കം ഹർജികളിൽ
ന്യൂഡൽഹി : പഞ്ചാബിൽ എം.ബി.ബി.എസ് പ്രവേശനത്തിന് എൻ.ആർ.ഐ ക്വാട്ടയുടെ നിർവചനം വിപുലമാക്കിയത് തട്ടിപ്പാണെന്നും, മെറിറ്റിനെ തഴയുന്ന ഈ കച്ചവടം അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി.
'എൻ.ആർ.ഐ' എന്ന വാക്കിന് വിശാല വ്യാഖ്യാനം നൽകി പഞ്ചാബ് സർക്കാർ ആഗസ്റ്റ് 20ന് വിജ്ഞാപനം ഇറക്കിയിരുന്നു. വിദേശത്തുള്ളവരുമായി വിദൂര ബന്ധമുള്ള കുട്ടികളെ പോലും എൻ.ആർ.ഐ ക്വാട്ടയിൽ പഠിപ്പിക്കാവുന്ന സാഹചര്യമുണ്ടാക്കി. 15 ശതമാനമാണ് എൻ.ആർ.ഐ ക്വാട്ട.
ഇത് എൻ.ആർ.ഐ ക്വാട്ടയുടെ ഉദ്ദേശ്യശുദ്ധിയെ പരാജയപ്പെടുത്തുമെന്ന് നിരീക്ഷിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി സർക്കാർ നടപടി റദ്ദാക്കിയിരുന്നു. പണമുണ്ടാക്കാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ പഞ്ചാബ് സർക്കാർ അടക്കം സമർപ്പിച്ച മൂന്നു ഹർജികൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്രിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.. ഹൈക്കോടതി നിലപാട് സുപ്രീംകോടതി ശരിവച്ചു.
പഞ്ചാബിന് വിമർശനം
പഞ്ചാബ് സർക്കാരിന്റെ വിജ്ഞാപനത്തെ സുപ്രീംകോടതി വിമർശിച്ചു. അതിലെ വ്യാഖ്യാനം വഞ്ചനയാണ്. ആശ്രിതരായ കുട്ടികളെന്നതിന്റെ നിർവചനം എന്താണെന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു.
യോഗ്യതയുള്ള, മൂന്നിരട്ടിയോളം അധികം മാർക്കുള്ള കുട്ടികളെ മറികടന്നാണ് പിൻവാതിൽ പ്രവേശനത്തിന് സാഹചര്യം സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് വിദ്യാഭ്യാസ നിലവാരം തകർക്കും. യഥാർത്ഥ എൻ.ആർ.ഐകൾക്ക് മാത്രമാണ് ക്വാട്ടയുടെ പ്രയോജനം ലഭിക്കേണ്ടത്.
നിയമവിരുദ്ധ നടപടിക്ക് കൂട്ടുനിൽക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.