supreme-court

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് പ്രഖ്യാപിച്ച വിധി ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.

--------------------------------------------------------------------------------------------------------------------------------------------------------------------------

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന അവസ്ഥയിൽ, നമ്മുടെ നിയമങ്ങൾ ശക്തമാണോ? 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്" സംഘടന കൊടുത്ത അപ്പീലിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് പ്രഖ്യാപിച്ച വിധി ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതി റദ്ദാക്കിയ ക്രിമിനൽ കേസിലാണ്, സുപ്രീംകോടതി അതിനെ തിരുത്തിക്കൊണ്ട് പ്രതിക്കെതിരെയുള്ള നിയമ നടപടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ വിധിച്ചത്. എന്തായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇതിലെ പ്രതി, കുട്ടികൾ ഉൾപ്പെട്ട ഒരു ലൈംഗികരംഗത്തിന്റെ വീഡിയോ തന്റെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്‌തുവച്ചു എന്നാണ് പ്രഥമവിവര റിപ്പോർട്ട്. ഇതു റദ്ദാക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി പറഞ്ഞത്, ഇപ്പറഞ്ഞ വീഡിയോ പ്രസിദ്ധീകരിക്കുകയോ മറ്റാർക്കെങ്കിലും പങ്കുവയ്‌ക്കുകയോ ചെയ്യാത്തതു കൊണ്ട്, പ്രതി കുറ്റക്കാരനല്ല എന്നാണ്. ഇതിനെ നിശിതമായി വിമർശിച്ച സുപ്രീംകോടതി കണ്ടെത്തിയത് പോക്സോ നിയമത്തിലെ 15(1) ആം വകുപ്പ് ഹൈക്കോടതി കാണാതെ പോയി എന്നാണ്. ഈ വകുപ്പ് പ്രകാരം, കുട്ടികളുൾപ്പെട്ട അശ്ലീല വീഡിയോ കൈയിൽ വയ്‌ക്കുന്നത് തന്നെ ക്രിമിനൽ കുറ്റമാണ്. കൂടാതെ ഐ.ടി നിയമത്തിലെ, 67B വകുപ്പ് 2009ൽ എഴുതി ചേർത്തതു തന്നെ, കുട്ടികളുൾപ്പെട്ട ലൈംഗിക ദൃശ്യങ്ങൾ സൂക്ഷിക്കുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ കാണുന്നതോ പോലും കുറ്റകരമാക്കാനാണ്. പ്രതി വേറെ ആർക്കെങ്കിലും പങ്കുവയ്‌ക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണമെന്നില്ല എന്നർത്ഥം.

സാധാരണ ക്രിമിനൽ നിയമങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, പോക്സോ കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ നിരപരാധിയല്ല എന്നാണ് കോടതിയുടെ ആദ്യത്തെ അനുമാനം എന്നാണ്. ദൃശ്യങ്ങൾ കാണുകയോ പിന്നീട് കാണാനായി ഡൗൺലോഡ് ചെയ്യുകയോ, ഈ ഒരുക്കം തന്നെ ക്രിമിനൽ കുറ്റമാണ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനാബാദ്ധ്യതയും ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനങ്ങളും എടുത്തുപറഞ്ഞ സുപ്രീംകോടതി ഇതിന്റെ വ്യാഖ്യാനത്തിലൂടെ ഒരു പഴുതടച്ചു എന്നതാണ് ഈ വിധിയെ വേറിട്ട് നിറുത്തുന്നത്. 18 വയസ്സിൽ താഴെയുള്ളവരെല്ലാം പോക്‌സോ നിയമത്തിൽ കുട്ടികളാണ്. ഏതെങ്കിലും കുട്ടി ഒരു ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടുന്ന ദൃശ്യമോ വീഡിയോയോ ചിത്രമോ യഥാർത്ഥത്തിൽ ഇല്ലാത്ത, പക്ഷെ കുട്ടിയാണെന്ന് തോന്നുന്ന രീതിയിലുള്ള ചിത്രം തുടങ്ങിയവയും പോക്‌സോ നിയമത്തിൽ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഐ.ടി നിയമത്തിലെ 67B വകുപ്പ്, പോക്സോ നിയമം ഇവ കൂട്ടിവായിച്ച സുപ്രീംകോടതി, ചില ഹൈക്കോടതികളൊക്കെ ഇത്ര ഗൗരവമുള്ള കേസുകളിൽ പ്രതികളെ വെറുതെ വിടുന്നതിനെ വിമർശിക്കുകയും അതിലെ ന്യായമെല്ലാം ഈ വിധിയിലൂടെ അപ്രസക്തമാക്കുകയും ചെയ്തു.

വീഡിയോയോ ചിത്രങ്ങളോ മറ്റോ ഉടമസ്ഥന്റെ അറിവില്ലാതെ മൊബൈലിലേക്കോ കംപ്യൂട്ടറിലേക്കോ തനിയെ ഡൗൺലോഡ് ആയെന്ന് അറിയുന്ന നിമിഷം തന്നെ ഡിലീറ്റ് ചെയ്യുകയും, നശിപ്പിക്കുകയും, അധികൃതർക്ക് റിപ്പോർട്ട് ചെയ്യേണ്ടതും ഓരോരുത്തരുടെയും ബാദ്ധ്യതയാണ്. കുറ്റം ചെയ്‌തിട്ടില്ല എന്നു തെളിയിക്കേണ്ടത് ക്രിമിനൽ നടപടികൾ തുടർന്ന കോടതിയിലാണെന്നും ഹൈക്കോടതികൾ ഇങ്ങനെയുള്ള കേസുകൾ തുടക്കത്തിൽ റദ്ദാക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'പോണോഗ്രഫി" എന്ന വാക്കിനോട് വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീംകോടതി, 'ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേറ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ" എന്ന പദപ്രയോഗം നിർദേശിച്ചു. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു. ഗവണ്മെന്റുകൾക്കും, സാമൂഹ്യസ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും, സമൂഹത്തിന്റെ മുഴുവൻ കടമയാണെന്നും ഓർമപ്പെടുത്തി.

സാമൂഹിക മാദ്ധ്യമങ്ങൾക്കും പോക്‌സോ കുറ്റകൃത്യങ്ങൾ തടയാൻ ബാദ്ധ്യതയുണ്ട്. ഇരകൾക്ക് തക്കതായ സഹായവും മാനസിക പിന്തുണയും കൗൺസിലിംഗും നൽകേണ്ട ഉത്തരവാദിത്തവും സർക്കാരിനുണ്ട്. പോക്‌സോ നിയമത്തിലെ കുറ്റകൃത്യങ്ങൾ കാണുന്ന നിമിഷം പൊതുജനത്തിന് ഒരു ഓൺലൈൻ പോർട്ടൽ വഴി അതു റിപ്പോർട്ട് ചെയ്യാൻ സർക്കാർ വഴിയൊരുക്കണമെന്ന നിർദ്ദേശം വച്ചുകൊണ്ടാണ്, സുപ്രീംകോടതി ഈ വിധി അവസാനിപ്പിച്ചിരിക്കുന്നത്. ലൈംഗികചൂഷണമില്ലാതെ പുതിയ തലമുറ വളർന്നുവരേണ്ടതിന്റെ ആവശ്യവും, അതിനുവേണ്ടി സമൂഹം ചെയ്യേണ്ട ഗൗരവകരമായ കടമകളുമാണ് ഈ വിധി ന്യായത്തിലൂടെ തുറന്നുകാണിച്ചത്. ഇങ്ങനെയുള്ള മാറ്റങ്ങളിലൂടെ മാത്രമേ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയൂ.. കുറ്റങ്ങൾ ഉണ്ടാവാതെ തടയുന്നതാണല്ലോ ഏതൊരു സമൂഹത്തിനും ആവശ്യം.

( സുപ്രീംകോടതിയിൽ അഭിഭാഷകനാണ് ലേഖകൻ)