df

ന്യൂഡൽഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കൊണാട്ട് പ്ലേസിലെ പുരാതന ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഡൽഹി മുഖ്യമന്ത്രി അതിഷി സിംഗ്. ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ പാതയിലാണ് താനെന്ന് വ്യക്തമാക്കുന്നതാണ് ക്ഷേത്ര ദർശനം. നിർണായക അവസരങ്ങളിൽ കേജ്‌രിവാൾ ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്. രണ്ടുവർഷമായി ആംആദ്‌മി പാർട്ടിയെയും അരവിന്ദ് കേജ്‌രിവാളിനെയും തകർക്കാനും അടിച്ചമർത്താനും നിശബ്ദരാക്കാനും നടത്തിയ ശ്രമങ്ങളിൽ നിന്ന് രക്ഷിച്ചത് ഹനുമാനാണെന്ന് അതിഷി പറഞ്ഞു. അനുഗ്രഹം തുടരാനും അരവിന്ദ് കേജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രി പദത്തിൽ എത്തിക്കാനും പ്രാർത്ഥിച്ചെന്നും അവർ പറഞ്ഞു. അതിഷി ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചാലിസ ചൊല്ലുകയും ചെയ്‌തു.

അതേസമയം,താൻ കേജ്‌രിവാളിന്റെ ദാസനാണെന്നും രാമന് ഹനുമാൻ എന്ന പോലെ പ്രവർത്തിക്കുമെന്നും മന്ത്രിയായി ചുമതലയേറ്റ കൈലാഷ് ഗെലോട്ട് പറഞ്ഞു. ഡൽഹിയിൽ രാമരാജ്യം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും കേജ്‌രിവാളിനായി എല്ലാ ജോലികളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.