
ന്യൂഡൽഹി : ഇന്ത്യയിലെ ഒരു സ്ഥലത്തെയും പാകിസ്ഥാൻ എന്ന് വിളിക്കരുതെന്നും, അങ്ങനെ ചെയ്യുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് എതിരാണെന്നും സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ബംഗളൂരുവിൽ ന്യൂനപക്ഷ സമുദായം തിങ്ങിപ്പാർക്കുന്ന മേഖലയെ 'പാകിസ്ഥാൻ' എന്ന് അടച്ചാക്ഷേപിച്ച കർണാടക ഹൈക്കോടതി ജഡ്‌ജി വി. ശ്രീഷനന്ദയുടെ വിവാദ പരാമർശങ്ങളിൽ സ്വമേധയാ എടുത്ത കേസിലാണിത്.
ജഡ്‌ജി, വനിതാ അഭിഭാഷകയോട് മോശം പരാമർശം നടത്തുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. എതിർകക്ഷിയെ കുറിച്ച് അഭിഭാഷകയ്‌ക്ക് വളരെ കാര്യങ്ങൾ അറിയാമല്ലോയെന്നും, അയാളുടെ അടിവസ്ത്രത്തിന്റെ നിറം പോലും വെളിപ്പെടുത്തിയേക്കും എന്നുമായിരുന്നു കമന്റ്. ഒരു സമുദായത്തെയും, ജെൻഡറിനെയും ഉന്നമിട്ടുള്ള പരാമർശങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
 കേസ് അവസാനിപ്പിച്ചു
ജസ്റ്രിസ് ശ്രീഷനന്ദ കർണാടക ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയം വലിച്ചുനീട്ടരുതെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും, സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടു. നീതിയുടെ താത്പര്യവും അന്തസും മുൻനിർത്തി തുടർനടപടി സുപ്രീംകോടതി അവസാനിപ്പിച്ചു.