
ന്യൂഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സുപ്രീംകോടതിയിൽ തീപാറും. എണ്ണം പറഞ്ഞ മുതിർന്ന അഭിഭാഷകരാണ് സിദ്ദിഖിനും, അതിജീവിതയ്‌ക്കും, സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരാകുന്നത്. അതും രാജ്യത്തെ കോളിളക്കമുണ്ടാക്കിയ കേസുകളിൽ വമ്പൻ കക്ഷികൾക്ക് വേണ്ടി വാദിച്ചവർ.
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിക്കേസിൽ അറസ്റ്റിലായപ്പോൾ ജാമ്യത്തിലിറക്കിയ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിന്റെ അഭിഭാഷകൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന് വേണ്ടിയും സുപ്രീംകോടതിയിൽ ഹാജരായത് അദ്ദേഹമാണ്.
സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ് ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്‌തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടപ്പോൾ സർക്കാരിന് വേണ്ടി അതിനെ എതിർക്കുകയും അനുകൂലവിധി നേടുകയും ചെയ്‌തത് അഡ്വ. രഞ്ജിത് കുമാറാണ്. ആ കേസിൽ ഏറ്രുമുട്ടിയവർ സിദ്ദിഖ് കേസിലും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം.
അതിജീവിത സമീപിച്ചത് സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗിനെയും വൃന്ദ ഗ്രോവറിനെയുമാണ്. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും, മകളുടെ അടക്കം അരുംകൊലകൾ കൺമുന്നിൽ കാണുകയും ചെയ്‌ത ബിൽക്കിസ് ബാനുവിന് നീതി ഉറപ്പിക്കാൻ ഈ വനിതാ അഭിഭാഷകർ പരമോന്ന കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു.
ഉടൻ പരിഗണിക്കുമോ ?
മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെടുമോയെന്നതാണ് നിർണായകം. ഈയാഴ്ച ഇനി നാളെ മാത്രമാണ് സുപ്രീംകോടതി സിറ്റിംഗുള്ളത്. നാളെ അടിയന്തരമായി പരിഗണിക്കണമെങ്കിൽ ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ജാമ്യാപേക്ഷയ്‌ക്ക് അടിയന്തര സ്വഭാവമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോദ്ധ്യപ്പെട്ടാലേ നാളെ ലിസ്റ്റ് ചെയ്യൂ. അല്ലെങ്കിൽ പുതിയ കേസുകൾ പോലെ അടുത്ത തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയോ മാത്രമേ ലിസ്റ്ര് ചെയ്യൂ എന്നാണ് അറിയുന്നത്.
നിരപരാധിയാണെന്ന് സുപ്രീംകോടതി ഹർജിയിൽ സിദ്ദിഖ്
മുൻകൂർ ജാമ്യംതേടി സുപ്രീംകോടതിയെ സമീപിച്ച നടൻ സിദ്ദിഖ്, ഹൈക്കോടതി നിരീക്ഷണങ്ങളെ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. നടനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ പ്രഥമദൃഷ്ട്യാ തന്നെ കുറ്റം ചെയ്തുവെന്ന സൂചനയാണുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതടക്കമുള്ള നീരീക്ഷണങ്ങളെയാണ് സിദ്ദിഖ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. താൻ നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഹർജിയിൽ പറയുന്നു. തെളിവു ശേഖരണത്തിന് അറസ്റ്റോ, കസ്റ്റഡിയിൽ ചോദ്യംചെയ്യലോ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ മകൾ രഞ്ജിത റോത്തഗി മുഖേനയാണ് ഹർജി സമർപ്പിച്ചത്. മുകുൾ റോത്തഗിയാകും സിദ്ദിഖിനുവേണ്ടി ഹാജരാകുക.
സിദ്ദിഖിനെ തെരയുന്നത് 6 പൊലീസ് സംഘങ്ങൾ
യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ മുൻകൂർജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖിനെ തിരയുന്നത് പൊലീസിന്റെ ആറ് സംഘങ്ങൾ. രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും നിരീക്ഷണമുണ്ട്. സിദ്ദിഖിനെ പിടികൂടാൻ മ്യൂസിയം പൊലീസ് കൊച്ചിയിലെത്തി തിരച്ചിൽ തുടരുകയാണ്.
സിദ്ദിഖ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചതിനാൽ വിധിവരും വരെ അന്വേഷണ സംഘം കാത്തിരുന്നേക്കാം. സിദ്ദിഖിനെതിരേ ജീവപര്യന്തം തടവ് കിട്ടാവുന്ന ബലാത്സംഗം (ഐപിസി 376), 2വർഷം തടവുശിക്ഷയുള്ള ഭീഷണിപ്പെടുത്തൽ (506) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നടിമാരുടെ ആരോപണങ്ങളിൽ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ടവരെയെല്ലാം അറസ്റ്റ്ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയവരെ വിളിച്ചുവരുത്തി ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും. സിദ്ദിഖിന്റെ കാര്യത്തിൽ ഇനി തെളിവു ശേഖരണം വേണ്ട. ആവശ്യത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അറസ്റ്രിലായാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം മെഡിക്കൽ പരിശോധന നടത്തും. ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ ലൈംഗിക അതിക്രമങ്ങൾ വെളിപ്പെടുത്തിയവരെ നേരിൽ കണ്ട് പ്രത്യേക സംഘം മൊഴിയെടുക്കുന്നുണ്ട്. വെളിപ്പെടുത്തലിൽ ഉറച്ചുനിന്നാൽ കേസെടുക്കും.