
ന്യൂഡൽഹി : ഉന്നാവ് പീഡനക്കേസിലെ ഇരയ്‌ക്കും കുടുംബത്തിനും നൽകിയിരിക്കുന്ന സി.ആർ.പി.എഫ് സുരക്ഷ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സുരക്ഷ വിലയിരുത്തിയപ്പോൾ, നിലവിൽ ഭീഷണിയില്ലെന്നാണ് ബോദ്ധ്യപ്പെട്ടതെന്ന് കേന്ദ്രം അറിയിച്ചു. ഹർജിയിൽ ജസ്റ്റിസ് ബേല എം.ത്രിവേദിയും, സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച്, ഇരയുടെയും കുടുംബാംഗങ്ങളുടെയും നിലപാട് തേടി. ഇരയും കുടുംബവും ഉത്തർപ്രദേശിൽ അല്ല ഡൽഹിയിലാണ് ഇപ്പോൾ താമസിക്കുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
2019 ജൂലായിൽ ഇര സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് 2019 ആഗസ്റ്റിലാണ് സുരക്ഷ ഏർപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്. 2017ൽ ബി.ജെ.പി എം.എൽ.എ ആയിരുന്ന കുൽദീപ് സിംഗ് സെൻഗറും കൂട്ടുപ്രതികളും ചേർന്ന് പെൺകുട്ടിയെ കൂട്ട മാനഭംഗത്തിനിരയാക്കിയെന്നാണ് കേസ്. കുൽദീപ് സിംഗ് സെൻഗർ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്.