
ന്യൂഡൽഹി: പ്രമുഖർ ഉൾപ്പെടെ ജനവിധി തേടുന്ന ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പും സമാധാനപരമായി പൂർത്തിയായി. ഒടുവിൽ വന്ന റിപ്പോർട്ട് അനുസരിച്ച് 57.03ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ റിപ്പോർട്ടിൽ മാറ്റം വന്നേക്കാം. ഭീകരർ സജീവമായ രജൗരി, പൂഞ്ച്, റിയാസി ജില്ലകളിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര അനുഭവപ്പെട്ടു. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള, പി.സി.സി അദ്ധ്യക്ഷൻ താരിഖ് ഹമീദ് കർറ, ബി.ജെ.പി അദ്ധ്യക്ഷൻ രവീന്ദർ റെയ്ന തുടങ്ങിയവരാണ് ജനവിധി തേടുന്നത്. യു.എസ്.എ, മെക്സിക്കോ, ഗയാന, ദക്ഷിണ കൊറിയ, സൊമാലിയ, പനാമ, സിംഗപ്പൂർ, നൈജീരിയ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, നോർവേ, ടാൻസാനിയ, റുവാണ്ട, അൾജീരിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ വോട്ടെടുപ്പ് നിരീക്ഷിക്കാനെത്തി. ജമ്മുകാശ്മീരിൽ വോട്ടെടുപ്പിന് വിദേശികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രതികരിച്ചു. 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 61ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ശ്രീനഗറിൽ കുറവ്
ജമ്മുവിലെ പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രമുള്ള മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് (75.29%). ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മറ്റ് മണ്ഡലങ്ങൾ:
പൂഞ്ച്-ഹവേലി (72.71%)
ഗുൽബ്ഗഡ് (72.19%)
സുരൻകോട്ട് (72.18%)
കാശ്മീർ താഴ്വരയിലെ 15 നിയമസഭാ മണ്ഡലങ്ങളിൽ ഖാൻസാഹിബിലാണ് ഉയർന്ന പോളിംഗ് (67.7%).
മറ്റുള്ളവ: കങ്കൻ (67.60%)
ചാർ-ഇ-ഷെരീഫ് (66%)
ഹബ്ബക്കടൽ മണ്ഡലത്തിലാണ് കുറവ്(15.80%)
റിയാസി ജില്ലയിൽ കനത്ത സുരക്ഷയിൽ നടന്ന വോട്ടെടുപ്പിൽ 74.70% പോളിംഗ് രേഖപ്പെടുത്തി.
തലസ്ഥാനമായ ശ്രീനഗറിൽ കുറഞ്ഞു (29.81%)
ഭീകരരുടെ ബഹിഷ്കരണ ആഹ്വാനത്തിൽ വോട്ടർമാർ പുറത്തിറങ്ങാത്ത കാലം പോയി.
ഇത് ചരിത്രമാണ്.
-രാജീവ് കുമാർ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ