iu

ന്യൂഡൽഹി: ലെഫ്‌റ്റനന്റ് ഗവർണർ വഴി പുറത്തുനിന്നുള്ളവരുടെ ഭരണമാണ് ജമ്മു കാശ്മീരിൽ നടക്കുന്നതെന്നും സംസ്ഥാനത്തിന് സമ്പൂർണ പദവി തിരിച്ചു കിട്ടാൻ പോരാട്ടം നടത്തുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മുവിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകാശ്‌മീരിൽ ഇപ്പോൾ പുറത്തു നിന്നുള്ളവരുടെ 'ഷോ" ആണ്. എല്ലാ കരാറുകളും പുറത്തുനിന്നുള്ളവർക്കാണ്. ലഫ്റ്റനന്റ് ഗവർണർ ഓഫീസ് വഴി അവർ നാട്ടുകാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നു. ലെഫ്റ്റനന്റ് ഗവർണർ ഉള്ളിടത്തോളം, പുറത്തുനിന്നുള്ളവരാകും കാര്യങ്ങൾ തീരുമാനിക്കുക. പ്രദേശവാസികൾ ഒതുക്കപ്പെടും. സമ്പൂർണ സംസ്ഥാന പദവിയില്ലാതെ ജമ്മുകാശ്‌മീരിൽ പുരോഗതിയുണ്ടാകില്ല. പദവി ജമ്മുകാശ്‌മീർ നിവാസികളുടെ അവകാശമാണ്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ 'ഇന്ത്യ' മുന്നണി അധികാരത്തിലെത്തുമ്പോൾ നടപ്പാക്കും. അതിന് മുൻപ് സർവശക്തിയോടെ ശ്രമം നടത്തും. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്‌ത്തുന്ന നടപടി ഇനിയുണ്ടാകരുത്.കുടിയിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകൾക്കും പാക് അധിനിവേശ കശ്‌മീരിലുള്ളവർക്കും പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് നടപ്പാക്കും. സ്മാർട്ട് മീറ്ററുകൾ നിറുത്തലാക്കുമെന്നും പഞ്ചാബി ഔദ്യോഗിക ഭാഷകളിലൊന്നാക്കുമെന്നും രാഹുൽ പറഞ്ഞു. മൂന്നാഴ്ചയ്ക്കിടെ ജമ്മു കാശ്മീരിൽ രാഹുലിന്റെ മൂന്നാം സന്ദർശനമാണിത്.