
മഹാരാഷ്‌ട്രയിൽ നിരവധി പദ്ധതികൾക്ക് തുടക്കമിടും
ന്യൂഡൽഹി: സൂപ്പർകമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പൂനെയിലാണ് പരിപാടി. 130 കോടി രൂപ ചെലവിൽ ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ചതാണിവ. പൂനെ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സൂപ്പർ കമ്പ്യൂട്ടറുകൾ വിന്യസിച്ചത്. ഫാസ്റ്റ് റേഡിയോ ബേർസ്റ്റുകളും (എഫ്.ആർ.ബിസ്) മറ്റ് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളും പര്യവേക്ഷണം ചെയ്യുന്ന പൂനെയിലെ ജയന്റ് മീറ്റർ റേഡിയോ ടെലിസ്‌കോപ്പിന് (ജി.എം.ആർടി) സേവനം ലഭിക്കും. ഡൽഹിയിൽ ഇന്റർർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്ററിന്റെ (ഐ.യു.എ.സി)മെറ്റീരിയൽ സയൻസ്, അറ്റോമിക് ഫിസിക്സ് മേഖലകളിലെ ഗവേഷണം സൂപ്പർ കമ്പ്യൂട്ടർ സഹായത്തോടെ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. കൊൽക്കത്തയിൽ എസ്.എൻ ബോസ് സെന്റർ ഫിസിക്‌സ്, കോസ്‌മോളജി, എർത്ത് സയൻസ് മേഖലകളിലെ ഗവേഷണങ്ങൾക്ക് ഇവ സഹായകമാകും.
കാലാവസ്ഥ പ്രവചിക്കാൻ അർക്ക, അരുണി
കാലാവസ്ഥാ ഗവേഷണത്തിനായി 850 കോടി രൂപ ചെലവിൽ വികസിപ്പിച്ച 'അർക്ക', 'അരുണിമ' ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ്
(എച്ച്.പി.സി) സംവിധാനവും മോദി ഉദ്ഘാടനം ചെയ്യും. പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ.ഐ.ടി.എം), നോയിഡ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ് (എൻ.സി.എം.ആർ.ഡബ്ല്യു.എഫ്) എന്നിവിടങ്ങളിൽ സ്ഥാപിച്ച എച്ച്.പി.സി ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, കനത്ത മഴ, ഇടിമിന്നൽ, മഞ്ഞുവീഴ്ച , ഉഷ്‌ണ തരംഗങ്ങൾ, വരൾച്ച, മറ്റ് പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവ കൃത്യമായി പ്രവചിക്കാൻ സഹായിക്കും. സൂര്യനുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് അർക്ക, അരുണിമ പേരുകൾ.
10,400 കോടി രൂപയുടെ പെട്രോളിയം, പ്രകൃതി വാതക മേഖലയിലെ വിവിധ സംരംഭങ്ങൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, ട്രക്ക്, കാബ് ഡ്രൈവർമാരുടെ സുരക്ഷ, മലിനീകരണമില്ലാത്ത ഗതാഗത സൗകര്യം, സുസ്ഥിര ഭാവി എന്നിവയിൽ പുതിയ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കും. മഹാരാഷ്‌ട്രയിലെ സോലാപൂർ വിമാനത്താവളവും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ മൂന്നെണ്ണം ഉൾപ്പെടെ രാജ്യത്തുടനീളം 20 ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) സ്റ്റേഷനുകളും 225 കോടി രൂപ വിലമതിക്കുന്ന 1500ഇ20 (20% എഥനോൾ കലർന്ന) പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും 7,855 ഏക്കർ വ്യാപിച്ചുകിടക്കുന്ന ബിഡ്കിൻ വ്യാവസായിക മേഖലയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.