km

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിയുടെ താക്കോലാണെന്നും യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള സൈനിക വിന്യാസം തുടരുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അസ്വസ്ഥമായി തുടരുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂയോർക്കിൽ ഏഷ്യാ സൊസൈറ്റിയും ഏഷ്യാ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടും സംഘടിപ്പിച്ച ‘ഇന്ത്യ, ഏഷ്യ ആന്റ് വേൾഡ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. നൂറുകോടിക്ക് മുകളിൽ വീതം ജനങ്ങളുള്ള രണ്ട് രാജ്യങ്ങൾ ആഗോള ക്രമത്തിൽ സമാന്തരമായി ഉയരുന്നത് വെല്ലുവിളിയാണ്. ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിക്ക് പ്രധാനമാണ്. ലോകം ബഹുധ്രുവമാകണമെങ്കിൽ ഏഷ്യ ബഹുധ്രുവമാകണം. അതിനാൽ ഈ ബന്ധം ഏഷ്യയുടെ ഭാവിയെ മാത്രമല്ല, ഒരുപക്ഷേ ലോകത്തിന്റെ ഭാവിയെയും സ്വാധീനിക്കും.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് അതിർത്തിയിലെ സമാധാനം നിർണായകം. 1962ലെ യുദ്ധത്തിന് ശേഷം നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാൻ 14 വർഷമെടുത്തു. ബന്ധം സാധാരണ നിലയിലാകാൻ വീണ്ടും 12 വർഷം കഴിഞ്ഞാണ്. അന്നത്തെ യുദ്ധത്തിന് ശേഷമുണ്ടാക്കിയ ധാരണകൾ തകർത്താണ് ചൈന 2020-ൽ യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് സൈനികരെ അയച്ചത്. സൈനികരെ അടുത്ത് വിന്യസിച്ചാൽ അപകടകരമാണ്. ഏറ്റുമുട്ടലിന് വഴിതെളിച്ചതും അതാണ്. ഇപ്പോഴത്തെ പ്രശ്നം 2020 ന് ശേഷമുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കു സമീപത്തെ പട്രോളിംഗ് ആണ്.

3500 കിലോമീറ്റർ അതിർത്തി തർക്കത്തിലാണ്. അതിർത്തി സമാധാനപരമായാൽ ബന്ധം സുഗമമാകും. അതിർത്തിയിൽ ഇരുപക്ഷവും സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ഇന്ത്യ-ചൈന വിശാല ബന്ധം സുഗമാകില്ലെന്നും ജയശങ്കർ പറഞ്ഞു.