e

ന്യൂഡൽഹി: കർണാടകയിൽ സി.ബി.ഐ അന്വേഷണത്തിന് അനുമതി നിഷേധിച്ച് കോൺഗ്രസ് സർക്കാർ. അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം,​ മുഡ ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ കർണാടക ഹൈക്കോടതി അനിമതി നൽകിയതിന് പിറകേയാണ് തീരുമാനമെന്നതിന് രാഷ്ട്രീയ മാനമുണ്ട്. കേസിൽ സി.ബി.ഐ വരുന്നത് ഒഴിവാക്കാൻ മുൻകൂട്ടിയുള്ള നീക്കമെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

മുൻപ് കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് സർക്കാരുകളും സമാനമായ തീരുമാനം കൈകൊണ്ടിട്ടുണ്ട്. അതത് സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സി.ബി.ഐക്ക് അന്വേഷണം നടത്താനാവില്ലെന്ന് ഉത്തർപ്രദേശിലെ കേസിൽ 2020ൽ സുപ്രീംകോടതി വിധിയുണ്ട്. സംസ്ഥാനാനുമതിയില്ലാതെ കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാരപരിധി നീട്ടാനുമാവില്ല. കേസുകളിൽ സി.ബി.ഐ അന്വേഷണത്തിന് നൽകിയ അനുമതി പിൻവലിക്കുകയാണെന്ന് കർണാടക നിയമ മന്ത്രി എച്ച്.ആർ.പാട്ടീലാണ് അറിയിച്ചത്. സംസ്ഥാനം സി.ബി.ഐക്ക് റഫർ ചെയ്ത പല കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പല കേസുകളും കെട്ടിക്കിടക്കുന്നു. അന്വേഷിക്കാൻ വിസമ്മതിച്ച നിരവധി സംഭവങ്ങളുണ്ട്. തെറ്റായ വഴിയിൽ പോകുന്ന സി.ബി.ഐയെ നിയന്ത്രിക്കാനാണ് അനുമതി നിഷേധിക്കുന്നത്. മുഡ കേസുമായി തീരുമാനത്തിന് ബന്ധമില്ലെന്നും പാട്ടീൽ പറഞ്ഞു.

രേഖാമൂലം സമ്മതം

നൽകണം

1 ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്നതിനാൽ സി.ബി.ഐക്ക് അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യം

2 സംസ്ഥാന ഇടപെടലില്ലാതെ,​ സി.ബി.ഐയുടെ അന്വേഷണ സ്വാതന്ത്ര്യം ഉറപ്പാക്കാൻ നിയമഭേദഗതി വേണമെന്ന് പാർലമെന്ററി കമ്മിറ്റി ശുപാർശയുണ്ട്

3 അതേസമയം കേന്ദ്ര സർക്കാർ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആരോപിക്കുന്നു

മുഡ കേസ്

 മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിട്ടി (മുഡ) മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരു നഗരത്തിലെ 14 ഇടങ്ങളിൽ ഭൂമി അനുവദിച്ചു

 കേസിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ ഗെലോട്ട് അനുമതി നൽകിയതിനെതിരായ അപ്പീൽ ഹൈക്കോടതി റദ്ദാക്കി

 സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ കർണാടക ലോകായുക്തയോട് ബംഗളൂരു പ്രത്യേക കോടതി ബുധനാഴ്ച ഉത്തരവിട്ടു

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പിയും ജെ.ഡി.എസും രംഗത്ത്. പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി. അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ബി.വൈ വിജയേന്ദ്ര പറഞ്ഞു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ ജെ.ഡി (എസ്) നേതാക്കളും പ്രവർത്തകരും ഫ്രീഡം പാർക്കിൽ പ്രകടനം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.