d

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി ഡൽഹി ഹൈക്കോടതി ഒക്‌ടോബർ ഒൻപതിന് മാറ്റി.

അലഹബാദ് ഹൈക്കോടതിയിലും സമാന ഹർജിയുണ്ട്. രണ്ട് കോടതികൾ ഒരേ വിഷയം പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. അവിടത്തെ ഹർജിയുടെ തത്‌ സ്ഥിതി അറിയിക്കണമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകനോട് നിർദ്ദേശിച്ചു. വാദം അതിനുശേഷം.

രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന തന്റെ ആവശ്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി. യു.കെയിൽ രജിസ്റ്റർ ചെയ്‌ത ബാക്ഓപ്‌സ് ലിമിറ്റഡ് കമ്പനിയുടെ ഒരു ഡയറക്‌ടറാണ് രാഹുലെന്ന് ഹർജിയിൽ ആരോപിച്ചു. കമ്പനിയുടെ വാർഷിക റിട്ടേൺസിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നത്. ഇതിന്റെ വസ്‌തുത ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയെങ്കിലും വ്യക്തത വരുത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി.