sp

ന്യൂഡൽഹി : ഗുജറാത്ത് കലാപക്കേസിലെ ഇര ബിൽക്കിസ് ബാനുവിന് പരമോന്നത കോടതി നൽകിയ നീതിക്ക് പുനഃപരിശോധനയില്ല. 11 കുറ്റവാളികൾക്ക് ഗുജറാത്ത് സർക്കാർ നൽകിയ ശിക്ഷായിളവ് റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന പ്രതികളിലൊരാളായ രമേഷ് രൂപാഭായ് ചന്ദനയുടെ ആവശ്യം, വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങിയ അതേ ബെഞ്ച് തള്ളി. വിധിയിലെ പരാമർശങ്ങൾ നീക്കികിട്ടാൻ ഗുജറാത്ത് സർക്കാർ സമർപ്പിച്ച പുനഃപരിശോധനാഹർജിയിലും ഇടപെട്ടില്ല. തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും നിരസിച്ചു. ബിൽക്കിസിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മൂന്നര വയസുള്ള മകളെ അടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസിലെ പ്രതികളെയാണ് ശിക്ഷായിളവ് നൽകി മോചിപ്പിച്ചത്. ഈ നടപടി രൂക്ഷമായ വിമർശനത്തോടെയാണ് കഴിഞ്ഞ ജനുവരി എട്ടിന് സുപ്രീംകോടതി റദ്ദാക്കിയത്. 2022 ആഗസ്റ്ര് 15ന് ജയിൽമോചിതരായ കുറ്റവാളികൾ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജയിലിൽ കീഴടങ്ങി ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്.

ഗുജറാത്തിന് തിരിച്ചടി

ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്കൊപ്പം ഒത്തുകളിച്ചുവെന്ന് ജനുവരിയിലെ സുപ്രധാന വിധിയിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ ശിക്ഷായിളവിൽ തീരുമാനമെടുക്കാൻ ആ സംസ്ഥാനത്തിനാണ് അധികാരം. കുറ്റവാളികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി അധികാരം കവർന്നെടുക്കുന്നതിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും വിമർശിച്ചിരുന്നു. ഈ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം ഇന്നലെ തള്ളിയത് ഗുജറാത്തിന് തിരിച്ചടിയായി. ശിക്ഷായിളവ് ആവശ്യപ്പെട്ട ഒരു കുറ്റവാളിയുടെ അപേക്ഷ പരിശോധിക്കാൻ 2022ൽ സുപ്രീംകോടതി നൽകിയിരുന്ന നിർദ്ദേശം അനുസരിക്കുക മാത്രമായിരുന്നുവെന്ന ഗുജറാത്തിന്റെ വാദം അംഗീകരിച്ചില്ല. ഫ്രോഡ് കളിച്ചാണ് രാധേശ്യാം ഭഗവാൻദാസ് ഷാ എന്ന കുറ്റവാളി 2022ൽ വിധി സമ്പാദിച്ചതെന്ന മുൻനിലപാടിൽ കോടതി ഉറച്ചുനിന്നു.

''വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല. ഹർജികളും രേഖകളും പരിശോധിച്ചപ്പോൾ വിധിയിൽ പിഴവില്ലെന്ന് ബോദ്ധ്യപ്പെട്ടു. അതിനാൽ ഹർജികൾ തള്ളുന്നു''