
ന്യൂഡൽഹി: സിയാച്ചിൻ മഞ്ഞുമലയിൽ ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മിലിട്ടറി ക്യാമ്പ് സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സിയാച്ചിൻ ബേസ് ക്യാമ്പിൽ സൈനികരുമായി സംവദിച്ച രാഷ്ട്രപതി യുദ്ധസ്‌മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ സിയാച്ചിനിൽ സൈനികരെ അഭിസംബോധന ചെയ്യാനായതിൽ അഭിമാനമുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. സൈനികരുടെ ധീരതയെ രാജ്യം ആദരിക്കുന്നു.1984 ഏപ്രിലിൽ ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചതു മുതൽ കനത്ത മഞ്ഞുവീഴ്‌ചയും മൈനസ് 50 ഡിഗ്രി താപനിലയും അടക്കം കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് ധീരരയായ ഇന്ത്യൻ സൈനികർ മേഖലയുടെ സുരക്ഷ ഉറപ്പാക്കി. അവർ കാണിച്ച ജാഗ്രതയും ആത്‌മാർത്ഥതയും മാതൃരാജ്യത്തോടുള്ള ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും അസാധാരണ ഉദാഹരണങ്ങളാണ്. എല്ലാ ഇന്ത്യക്കാരും ഈ ത്യാഗവും ധീരതയെയും മനസിലാക്കി സൈനികരെ ബഹുമാനിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. എ.പി.ജെ. അബ്‌ദുൾ കലാമിനും രാംനാഥ് കോവിന്ദിനും ശേഷം സിയാച്ചിൻ സന്ദർശിക്കുന്ന മൂന്നാമത്തെ രാഷ്‌ട്രപതിയാണ് ദ്രൗപദി മുർമു.
സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച രാഷ്‌ട്രപതി ദ്രൗപദി മുർമു സൈനികരുമായി സംവദിക്കുന്നു