dyuu

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച മൂന്ന് 'പരം രുദ്ര' സൂപ്പർ കംപ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷനിൽ 130 കോടി രൂപ ചെലവിൽ വികസിപ്പിച്ച സൂപ്പർ കംപ്യൂട്ടറുകൾ പൂനെ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്. കാലാവസ്ഥാ പ്രവചനം കൃത്യമാക്കുന്ന 'അർക്ക', 'അരുണിക' എന്നീ ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് (എച്ച്.പി.സി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്ത്യക്ക് ഇത് വലിയ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവേഷണത്തിനും വികസനത്തിനും മുൻഗണന നൽകുന്നത് പുരോഗതിയാണ്. ഗവേഷണം, സാമ്പത്തിക വളർച്ച, ദുരന്ത നിവാരണം, മാനേജ്മെന്റ്, എളുപ്പത്തിൽ ബിസിനസ് ചെയ്യൽ തുടങ്ങി വിവിധ മേഖലകളിൽ ശാസ്ത്ര സാങ്കേതിക വിദ്യകളും കംപ്യൂട്ടിംഗ് കഴിവുകളും സംയോജിക്കുന്നു. സ്വയം പര്യാപ്‌തമാകാനും മാനവരാശിയെ സേവിക്കാനുമുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കുന്നു. ശാസ്ത്രത്തിന്റെ ലക്ഷ്യം സാധാരണക്കാരന്റെ അഭിലാഷങ്ങൾ നിറവേറ്റലാണ്.കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമെല്ലാം പ്രയോജനം. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ സൂപ്പർ കംപ്യൂട്ടറുകൾക്ക് നിർണായക പങ്കുണ്ട്. ഡിജിറ്റൽ വിപ്ലവത്തിന് ആക്കം കൂട്ടും. സൂപ്പർ കംപ്യൂട്ടറുകൾ വഴിയുള്ള പുതിയ ഗവേഷണങ്ങൾ ലോകത്ത് ഇന്ത്യയുടെ മത്സരക്ഷമത ഉറപ്പാക്കും.