
വാഷിംഗ്ടൺ: യു.എസിൽ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയെയോ മുൻ പ്രസിഡന്റിനെയോ ആക്രമിച്ചാൽ ഇറാനെ തകർക്കുമെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർത്ത് കാരലൈനയിലെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന് ഇറാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രോൺ ആക്രമണത്തിൽ രാജ്യത്തെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് യു.എസിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ജനുവരി 3നാണ് അന്ന് പ്രസിഡന്റായിരുന്ന ട്രംപിന്റെ ഉത്തരവ് പ്രകാരം നടന്ന ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടിരുന്ന സുലൈമാനി റെവലൂഷനറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു.