cpm

ന്യൂഡൽഹി: അടുത്ത തിരഞ്ഞെടുപ്പ് പിണറായി വിജയന്റെ നേതൃത്വത്തിൽ ആയിരിക്കുമോ എന്ന ചോദ്യത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെ: മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായ ചോദ്യം ചോദിക്കുകയും, മൂർത്തമായ ഉത്തരം പറയുകയും വേണം. അമൂർത്തമായ രീതിയിൽ ചോദിച്ചാൽ ഉത്തരവും അമൂർത്തമായി തെറ്രായിരിക്കും. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിനു ശേഷമുള്ള ഡൽഹിയിലെ ആദ്യ വാർത്താസമ്മേളനമായിരുന്നു.

മുഖ്യമന്ത്രി കെട്ടുപോയ സൂര്യനാണെന്നും, അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്നും പറയാൻ എൽ.ഡി.എഫ് സ്വതന്ത്ര എം.എൽ.എയായ അൻവറിന് അവകാശമില്ല. അൻവ‌ർ പറഞ്ഞത് പാർട്ടിയിൽ വിമർശനം അനുവദിക്കുന്നില്ലെന്നാണ്. സ്വയംവിമർശനം ഇല്ലാതിരുന്നാൽ പിന്നെ സി.പി.എമ്മില്ല. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും മുഖത്തുനോക്കി വിമർശിക്കാൻ കഴിവുള്ള പാർട്ടിയാണ് സി.പി.എം.

പിണറായിക്കെതിരെ

ഒരു കേസുമില്ല

കമ്മ്യൂണിസ്റ്ര് പാർട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായ ഒരു താത്പര്യവും പിണറായി വിജയനില്ല. പാർട്ടി ഒറ്രയ്‌ക്കല്ല. കൂട്ടായിട്ടാണ് പ്രവർത്തിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറൊ അംഗവുമാണ്. അദ്ദേഹത്തിനെതിരെ ഒരു കേസു പോലുമില്ല. എല്ലാ പ്രചാരണങ്ങളും രാഷ്ട്രീയമാണ്. അതിനാൽ രാഷ്ട്രീയമായി നേരിടും. ലാവലിൻ കേസിൽ ഒന്നുമില്ലാത്തതു കൊണ്ടാണ് ഇതുവരെ പരിഗണിക്കാത്തത്.