
ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) പ്രസിഡന്റായി മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന ഐ.എൻ.എസ് 85-ാം വാർഷിക ജനറൽ ബോഡി യോഗം ഡെപ്യൂട്ടി പ്രസിഡന്റായി വിവേക് ഗുപ്ത (സൻമാർഗ്), വൈസ് പ്രസിഡന്റായി കരൺ രാജേന്ദ്ര ദാർദ (ലോക്മത്) ഓണററി ട്രഷററായി തൻമയ് മഹേശ്വരി (അമർ ഉജാല) എന്നിവരെയും തിരഞ്ഞെടുത്തു. മേരി പോൾ സെക്രട്ടറി ജനറൽ ആയി തുടരും.
41 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് ജയന്ത് മാമ്മൻ മാത്യു (മനോരമ), ഹർഷ മാത്യു (വനിത), പി.വി.നിധീഷ് (ബാലഭൂമി), ബിജു വർഗീസ് (മംഗളം പ്ലസ്) തുടങ്ങിയവരുണ്ട്.
മാദ്ധ്യമ മേഖല പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നതെന്ന് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. അവസരങ്ങൾ ഉപയോഗപ്പെടുത്തി മേഖലയെ മുന്നോട്ടു കൊണ്ടുപോകാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.