t

ന്യൂഡൽഹി: യു.എസ് അടക്കം രാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ സുരക്ഷാ സ്ഥിരാംഗത്തിനുള്ള നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചകളുടെ തുർച്ചയായി ന്യൂയോർക്കിലുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലാണ്.

നിലവിലുള്ള 15 അംഗ യു.എൻ സെക്യൂരിറ്റി കൗൺസിലിനെ കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉൾക്കൊള്ളുന്നതും സുതാര്യവും,കാര്യക്ഷമവുമാക്കണമെന്ന സമവായത്തോടെയാണ് ഇക്കഴിഞ്ഞ ദിവസം ലോക നേതാക്കൾ 'ഭാവിയുടെ ഉടമ്പടി' അംഗീകരിച്ചത്. കൂടുതൽ രാജ്യങ്ങളെ പ്രതിനിധീകരിക്കാനും സമകാലിക ലോകത്തിന്റെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനും രക്ഷാസമിതി വിപുലീകരിക്കാൻ ധാരണയായത് ഇന്ത്യയ്‌ക്ക് അനുകൂലമാണ്.

യു.എൻ ജനറൽ അസംബ്ലിയുടെ (യു.എൻ.ജി.എ) 79-ാമത് സെഷനിൽ പങ്കെടുക്കുന്ന ജയശങ്കർ ഇന്നലെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്,യു.എൻ ജനറൽ അസംബ്ലി പുതിയ പ്രസിഡന്റ് ഫിലിമോൻ യാംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുക്രെയിൻ-പശ്‌ചിമേഷ്യൻ സംഘർഷം,ആഗോള താപം,നിർമ്മിത ബുദ്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭാവി ഉച്ചകോടിയുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പങ്കിനെ ഗുട്ടെറെസ് അഭിനന്ദിച്ചു.

യു.എൻ.ജി.എ സമ്മേളനത്തോടനുബന്ധിച്ച് ജയശങ്കർ മോണ്ടിനെഗ്രോ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ എർവിൻ ഇബ്രാഹിമോവിച്ചു, ബെലാറൂസ് വിദേശകാര്യ മന്ത്രി മാക്‌സിം റൈഷെങ്കോവ്,റൊമാനിയൻ വിദേശകാര്യ മന്ത്രി ലുമിനിറ്റ ഒഡോബെസ്‌കു,സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മാൽമർ സ്റ്റെൻഗാർഡ്,മൊറോക്കൻ വിദേശകാര്യ മന്ത്ര്ര നാസർ ബൗറിറ്റയെ,ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുലാത്തിയു, സ്ലോവേനിയൻ വിദേശകാര്യ മന്ത്രി ടാൻജ ഫാജോൺ, ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി തുടങ്ങിയവരുമായും കൂടിക്കാഴ്‌ച നടത്തി.