cone

ന്യൂഡൽഹി: സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ ഉടമകളുടെ പേരും വിലാസവും പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ച ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗിനെ ശാസിച്ച് കോൺഗ്രസ് നേതൃത്വം. തുടർന്ന് തീരുമാനം നടപ്പാക്കുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.പൊതുമരാമത്ത് വകുപ്പിന്റെയും നഗരവികസന മന്ത്രാലയത്തിന്റെയും ചുമതലയുള്ള വിക്രമാദിത്യ സിംഗിനോട് പാർട്ടി നിലപാടുകളിൽ നിന്ന് വ്യതിചലിക്കരുതെന്നും വൈകാരിക വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുമ്പോൾ ജാഗ്രത വേണമെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അതൃപ്‌തി പ്രകടിപ്പിച്ച വിവരവും വേണുഗോപാൽ അദ്ദേഹത്തെ ധരിപ്പിച്ചു.


ഒരു മന്ത്രിക്കും പാർട്ടി പ്രവർത്തകനും പാർട്ടി നയങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും എതിരായി പോകാൻ കഴിയില്ലെന്ന് പിന്നീട് വേണുഗോപാൽ വ്യക്തമാക്കി. വിദ്വേഷത്തിനെതിരെ സ്‌നേഹം പ്രചരിപ്പിക്കുന്നതാണ് കോൺഗ്രസ് നിലപാട്.