
ന്യൂഡൽഹി: പ്രതിപക്ഷത്തെ ഒന്നിച്ചു നിറുത്തുകയും സാധാരണക്കാരന്റെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയും ചെയ്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അസാന്നിദ്ധ്യം ദേശീയ രാഷ്ട്രീയത്തിൽ കനത്ത വിടവ് സൃഷ്ടിച്ചതായി നേതാക്കൾ. ഡൽഹി തക്കത്തോറ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ദേശീയ നേതാക്കളും സഹപ്രവർത്തകരും യെച്ചൂരിയെക്കുറിച്ച് വാചാലരായി. യെച്ചൂരി കൂടി മുൻകൈയെടുത്ത് രൂപീകരിച്ച പ്രതിപക്ഷ 'ഇന്ത്യ" മുന്നണിയുടെ യോഗം കൂടിയായി സമ്മേളനം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനാധിപത്യത്തിന് നൽകിയ സംഭാവനകളും വർഗീയതയ്ക്കെതിരായ പോരാട്ടവും യെച്ചൂരിയുടെ ഓർമ്മകളെ നിലനിറുത്തുമെന്ന് ബൃന്ദ പറഞ്ഞു.
 പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ചേരിയിലാണെങ്കിലും യെച്ചൂരി നല്ല സുഹൃത്തായിരുന്നു. വഴക്കമുള്ളയാൾ, കേൾക്കുന്നയാൾ, ദേഷ്യമോ, ധാർഷ്ട്യമോ കണ്ടിട്ടില്ല. അത് രാഷ്ട്രീയത്തിൽ അപൂർവമാണ്. രാഷ്ട്രീയത്തിലെ പല ഘടകങ്ങളെ ഒന്നിപ്പിക്കുന്ന പുറത്തു കാണാത്ത 'ഗ്ളൂ" ആയിരുന്നു. ആർ.എസ്.എസും ബി.ജെ.പിയും ചെയ്യുന്ന നീതികേടുകൾ സ്വകാര്യ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി. നിലപാടുകളിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല.
അമ്മയ്ക്ക് ഏറെ അടുപ്പമുള്ളയാൾ. അമ്മയെ കാണാൻ വന്നപ്പോൾ ചുമയുണ്ടായിരുന്നു. അമ്മയെപ്പോലെ ആശുപത്രിയിൽ പോകാൻ മടിയുള്ളയാൾ. താൻ കൂടി നിർബന്ധിച്ചാണ് ആശുപത്രിയിൽ അയച്ചത്. അവസാനമായി കണ്ടതും അന്നാണ്.
- രാഹുൽ ഗാന്ധി
 എല്ലാവരുടെയും പ്രിയ നേതാവ്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോയി. 'ഇന്ത്യ" മുന്നണി യാഥാർത്ഥ്യമായതിൽ പ്രധാന പങ്ക്. ദരിദ്രർ അടക്കമുള്ളവരുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിച്ചു.
-മല്ലികാർജ്ജുൻ ഖാർഗെ
 ജനങ്ങളുടെ നേതാവായി പാർലമെന്റിൽ പ്രവർത്തിച്ചു. സാധാരണക്കാരുടെ താത്പര്യങ്ങൾക്കു വേണ്ടി നിലകൊണ്ടു. വ്യത്യസ്ത പാർട്ടികളെ ഒന്നിച്ചു നിറുത്തിയ നേതാവ്. ജനാധിപത്യം നിലനിൽക്കാൻ പരമാധികാരവും നിലനിറുത്തണമെന്ന് വിശ്വസിച്ചു.
എൽ.ഡി.എഫ് സർക്കാരിന് പിന്തുണ നൽകിയ നേതാവ്. കേന്ദ്രത്തിനെതിരെ നടത്തിയ പ്രതിഷേധത്തിൽ മുന്നിൽ നിന്നു. വിയോഗം വ്യക്തിപരമായും ഇന്ത്യക്കും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നഷ്ടം.
-മുഖ്യമന്ത്രി പിണറായി വിജയൻ
യെച്ചൂരിയുമായി 50 വർഷം പഴക്കമുള്ള ബന്ധം. ഇടതുപക്ഷ പ്രസ്ഥാനത്തിന് നൽകിയ സംഭാവനകൾ അതുല്യം. സോഷ്യലിസ്റ്റ് ഇന്ത്യയെന്ന യെച്ചൂരിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. അതാണ് യഥാർത്ഥ ആദരാഞ്ജലി.
-പ്രകാശ് കാരാട്ട്
ഡി. രാജ (സി.പി.ഐ), ഫറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), കനിമൊഴി (ഡി.എം.കെ), സുപ്രിയാ സുലേ( എൻ.സി.പി- ശരദ്പവാർ)മനോജ് ഝാ(ആർ.ജെ.ഡി), രാംഗോപാൽ യാദവ് (സമാജ്വാദി പാർട്ടി), ഗോപാൽ റായ് (ആംആദ്മി പാർട്ടി), ദീപാങ്കർ ഭട്ടാചാര്യ (സി.പി.ഐ.എം.എൽ), ജി. ദേവരാജ്(ഫോർവേഡ് ബ്ളോക്ക്), മനോജ് ഭട്ടാചാര്യ(ആർ.എസ്.പി), പ്രഭാത് പട്നായിക്, മാദ്ധ്യമ പ്രവർത്തകൻ എൻ.റാം,സാമൂഹ്യപ്രവർത്തക ടീസ്റ്റ സ്റ്റെദൽവാദ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽ നിന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ, പിബി അംഗം എം.എ.ബേബി തുടങ്ങിയവരും പങ്കെടുത്തു.