
ന്യൂഡൽഹി: ഇ.പി. ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്രിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുധാകരനെതിരെ തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. 1995 ഏപ്രിൽ 12ന് ഇ.പി. ജയരാജനെ രാജധാനി എക്‌സ്‌പ്രസിൽ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നത്.