
ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദം രാഷ്ട്രീയവിഷയമായി തുടരുന്നതിനിടെ, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കുടുംബസമേതം ഇന്നലെ ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു. ഭാര്യ കൽപനാ ദാസിനൊപ്പമാണ് എത്തിയത്. കഴിഞ്ഞ മാർച്ചിലും അദ്ദേഹം തിരുപ്പതിയിലെത്തിയിരുന്നു. അതേസമയം, തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്‌ത ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ലാബ് റിപ്പോർട്ട് അന്വേഷിക്കണമെന്ന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്‌മണ്യൻ സ്വാമി ഉൾപ്പെടെ സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. റിട്ട. സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ആന്ധ്രാ സർക്കാരിനോട് റിപ്പോർട്ട് തേടണം. ക്ഷേത്രത്തിലെ പ്രസാദമായ ലഡുവുണ്ടാക്കാൻ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ‌് ഉപയോഗിച്ചുവെന്ന ആരോപണമാണുയർന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ. ഭാര്യ കൽപനാ ദാസ് സമീപം