gd

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മുസ്ലീം തീവ്രവാദികളും സർക്കാരിനെ ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.ആർ.എസ്.എസ് മേധാവിയുമായി എ.ഡി.ജി.പി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടാണ്.സ്വർണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലുകളും ആരോപണങ്ങൾക്ക് പ്രേരകമായി.

സർക്കാർ മുസ്ലീങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ ശക്തികൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു.

ഇടതുപക്ഷവും സി.പി.എമ്മും ആർ.എസ്.എസിനെയും ഹിന്ദുത്വ ശക്തികളെയും എക്കാലവും എതിർത്തിട്ടുണ്ട്.

മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിനാൽ സി.പി.എം 'ഇന്ത്യ' മുന്നണിയിൽ തുടരും. എന്നാൽ മറ്റ് പാർട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനാകില്ല. അന്തരിച്ച സീതാറാം യെച്ചൂരിക്ക് കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളുമായി നല്ല ബന്ധമുണ്ടായിരുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, പിൻഗാമിയെ അദ്ദേഹവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് പ്രതികരിച്ചു. പാർട്ടി താത്‌പര്യങ്ങൾ സംരക്ഷിക്കുന്നയാളെ നടപടിക്രമം അനുസരിച്ച് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കും. തൃശ്ശൂരിൽ ബി.ജെ.പി ജയിച്ചത് കോൺഗ്രസ് വോട്ടുകൾ കുറഞ്ഞതുകൊണ്ടാണെന്നും പിണറായി പറഞ്ഞു.

മലപ്പുറം ജില്ലയിൽ നിന്ന് അഞ്ച് വർഷത്തിനിടെ 123 കോടി രൂപ ഹവാലാ പണവും 150 കിലോ സ്വർണവും പൊലീസ് പിടി കൂടി.. അതിലുള്ള പ്രതികരണം കൂടിയാണ് ആരോപണങ്ങൾ. യു.ഡി.എഫിനൊപ്പമായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോൾ എൽ.ഡി.എഫിനെ പിന്തുണയ്‌ക്കുന്നു. ഇത് തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു.

പാർട്ടിയിലെ പ്രായപരിധിയായ 75 വയസ് കഴിഞ്ഞതിനാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മാറി നിൽക്കുമോ എന്ന ചോദ്യത്തിന് ,അതൊക്കെ പാർട്ടിയെടുക്കുന്ന കൂട്ടായ തീരുമാനങ്ങൾക്ക് വിധേയമാണെന്ന് പിണറായി വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടിയും വിശാലമായ സമവായം അനുസരിച്ചുമാണ് താൻ എപ്പോഴും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..