athul-kumar

ന്യൂഡൽഹി: ഓൺലൈൻ പ്രവേശന ഫീസ് അടയ്‌ക്കാൻ വൈകിയതിന്റെ പേരിൽ ഐ.ഐ.ടി പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് വിദ്യാർത്ഥിക്ക് പ്രത്യേകം സീറ്റ് അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ദിവസവേതന തൊഴിലാളിയുടെ മകനായ അതുൽ കുമാറിനാണ് കോടതി തുണയായത്. അതുലിന് ഓൾ ദ ബെസ്റ്റ് പറഞ്ഞ സുപ്രീംകോടതി 'നല്ലതു ചെയ്യൂ" എന്ന് അനുഗ്രഹിക്കാനും സന്നദ്ധമായി.

ജാർഖണ്ഡ് ധൻബാദിലെ ഐ.ഐ.ടിയിൽ അലോട്ട് ചെയ്‌തിരുന്ന ഇലക്ട്രിക്കൽ എൻജിനിയറിംഗ് സീറ്റിൽ പ്രവേശനം നൽകാനാണ് ഉത്തരവ്. ഇതിനായി സൂപ്പർന്യൂമററി പോസ്റ്റ് സൃഷ്‌ടിക്കണം. സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം ഉപയോഗിച്ചാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,​ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഐ.ഐ.ടി സീറ്റ് അലോട്ടിംഗ് അതോറിട്ടി എതിർത്തെങ്കിലും കോടതി വഴങ്ങിയില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥി ജാർഖണ്ഡ് ലീഗൽ സർവീസസ് അതോറിട്ടിയെ സമീപിച്ചിരുന്നു. പല മുതിർന്ന അഭിഭാഷകരും ഫീസ് സ്‌പോൺസർ ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

 അച്ഛന് കൂലി 450 രൂപ

മിനിട്ടുകളുടെ വ്യത്യാസത്തിലാണ് 17,​500 രൂപ പ്രവേശനഫീസ് അടയ്‌ക്കാൻ കഴിയാതിരുന്നത്. അച്‌ഛന് ദിവസം 450 രൂപയാണ് കൂലി. പ്രവേശനഫീസ് ശരിയാക്കാൻ ഗ്രാമവാസികൾ കൂട്ടായി പണം പിരിച്ചെടുക്കുകയായിരുന്നു. മിടുക്കനായ ചെറുപ്പക്കാരനെ കൈവിടാനാകില്ലെന്ന് കോടതി നിലപാടെടുത്തു. വിദ്യാർത്ഥിയുടെ സാമൂഹ്യ - സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്തു. പ്രവേശന ഫീസ് വിദ്യാർത്ഥി നേരിട്ടടച്ചാൽ മതി. ഹോസ്റ്റൽ പ്രവേശനമടക്കം വിദ്യാർത്ഥിക്ക് അർഹതയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണം.