ന്യൂഡൽഹി : ജോലി സമ്മർദ്ദത്താൽ ഉത്തർപ്രദേശ് ജാൻസിയിൽ ആത്മഹത്യ. ബജാജ് ഫൈനാൻസ് ഏരിയാ മാനേജരായിരുന്ന തരുൺ സക്‌സേനയാണ് (42) ജീവനൊടുക്കിയത്. ടാർജറ്റ് തികയ്‌ക്കാൻ മേലുദ്യോഗസ്ഥരിൽ നിന്ന് അമിത സമ്മർദ്ദമുണ്ടെന്നും ഉറങ്ങിയിട്ട് 45 ദിവസമായെന്നും തരുണിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. മേലുദ്യോഗസ്ഥർ അസഭ്യം പറഞ്ഞു. ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ജോലി സമ്മർദ്ദം മാനസികാരോഗ്യത്തെ ബാധിച്ചു.
ജാൻസി നവാബാദ് സ്വദേശിയാണ് തരുൺ. ലോൺ റിക്കവറിയായിരുന്നു ചുമതല. വെള്ളപ്പൊക്കത്തിൽ വലിയതോതിൽ കൃഷി നാശമുണ്ടായതിനാൽ വായ്‌പയെടുത്ത പല കർഷകർക്കും തിരിച്ചടവ് സാദ്ധ്യമായില്ല. ഇതുകാരണം തരുണിന് ടാർജറ്റ് തികയ്‌ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
തരുൺ ജോലി സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ശനിയാഴ്ച ഭക്ഷണം കഴിച്ചില്ല. ഞായറാഴ്ച വീട്ടിലെ മുറിയിൽ തൂങ്ങിനിൽക്കുന്നതാണ് ഭാര്യ മേധ കണ്ടത്. സംഭവത്തിൽ യു.പി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.