lawrence

ഏഴു പതിറ്റാണ്ടു മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികളിൽ അവസാന കണ്ണിയായ എം.എം. ലോറൻസും ഓർമ്മയായി​. 1950 ഫെബ്രുവരി 28ന് പുലർച്ചെയായിരുന്നു,​ രണ്ട് പൊലീസുകാരുടെ മരണത്തിന് ഇടയാക്കിയ പൊലീസ് സ്റ്റേഷൻ ആക്രമണം.

സി.പി.ഐ രണ്ടാം പാർട്ടി കോൺഗ്രസ് രാജ്യവ്യാപകമായി നടത്തി​യ ട്രെയി​ൻ തടയൽ സമരം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ആലുവയിലെ രണ്ടു നേതാക്കളെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട കലാപമാണ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കലാശിച്ചത്.

അങ്കമാലിയി​ൽ നി​ന്ന് വരുന്ന ട്രെയിനുകൾ ഇടപ്പള്ളി​യി​ൽ അട്ടിമറിക്കാ​നായി ​ഫെബ്രുവരി 26-നു രാത്രി പോണേക്കരയിൽ രഹസ്യയോഗം ചേർന്നതി​ന് അറസ്റ്റി​ലായ രണ്ടുപേർക്ക് ലോക്കപ്പിൽ ക്രൂരമായ മർദ്ദനമേറ്റെന്നും ഒരാൾ കൊല്ലപ്പെട്ടെന്നുമുള്ള വാർത്തയെ തുടർന്നാണ് സ്റ്റേഷൻ ആക്രമിച്ച് ഇവരെ മോചിപ്പിക്കാൻ ശ്രമമുണ്ടായത്. ആക്രമണം ഏകോപിപ്പിക്കാൻ കെ.സി. മാത്യു, എം.എം. ലോറൻസ്, കെ.യു. ദാസ്, വി. വിശ്വനാഥ മേനോൻ എന്നിവരെ നിയോഗിച്ചു. രണ്ടു വാക്കത്തി, വടികൾ, കൈംബോംബ് എന്നിവയായിരുന്നു ആയുധങ്ങൾ.

28-ന് പുലർച്ചെ രണ്ടിന് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ തടയാൻ ശ്രമിച്ച രണ്ട് പൊലീസുകാർ അടിയേറ്റു മരിച്ചു. ലോക്കപ്പിൽ കിടന്നവരെ മോചിപ്പിക്കാനുള്ള ശ്രമം വിജയിച്ചതുമില്ല. മടങ്ങിപ്പോകുംവഴി നാലു തോക്കുകളും സമരക്കാർ കൈക്കലാക്കി. പാർട്ടി പ്രവർത്തകർക്കൊപ്പം കെ.സി. മാത്യുവും, എം.എം. ലോറൻസും മറ്റും അറസ്റ്റിലായി. കെ.യു. ദാസും കെ.എസ്.പി പ്രവർത്തകൻ ജോസഫും പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു. എം.എം. ലോറൻസും വിശ്വനാഥ മേനോനും കെ.സി. മാത്യുവും എൻ.കെ. മാധവനും കൊടിയ മർദ്ദനം ഏറ്റുവാങ്ങി.

കെ.സി. മാത്യു, കെ.എ. എബ്രഹാം, കെ.ആർ. കൃഷ്ണൻ കുട്ടി എന്നിവർക്ക് പന്ത്രണ്ടു വർഷം കഠിനതടവും മറ്റുള്ളവർക്ക് അഞ്ചും മൂന്നും വർഷം വീതവും തടവും ശിക്ഷ വിധിച്ചു. പിന്നീട് ഹൈക്കോടതി എല്ലാവരുടെയും ശിക്ഷ ജീവപര്യന്തമാക്കി. അപ്പീൽ നൽകിയെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. അഞ്ചു വർഷത്തിനു ശേഷം ഇ.എം.എസ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ 1957ഏപ്രിൽ 12ന് പ്രതികളെയെല്ലാം മോചിപ്പിച്ചു.