
പനമ്പിള്ളി നഗർ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ
കൊച്ചി: പനമ്പിള്ളി നഗർ സ്പോർട്സ് സ്‌കൂളിലെ (ഗവ. എച്ച്.എസ് എളംകുളം വെസ്റ്റ്) വിദ്യാർത്ഥിനികൾക്ക് എസ്.ആർ.വി സ്‌കൂളിൽ പഠനത്തിനും ഹോസ്റ്റലിനും സൗകര്യമൊരുക്കാനുള്ള നീക്കങ്ങൾ പാടെ പാളി. സ്‌കൂൾ വളപ്പിൽ ഹോസ്റ്റൽ നിർമ്മിക്കാനുള്ള സ്ഥലമില്ലെന്നും ആവശ്യമായ സുരക്ഷയില്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്സാണ്ടർ സർക്കാരിന് റിപ്പോർട്ട് നൽകി.
നിരവധി കെട്ടിടങ്ങളുള്ള സ്കൂൾ വളപ്പിലെ ഒരു കെട്ടിടത്തിൽ ഡോർമിറ്ററി മാതൃകയിൽ ഹോസ്റ്റൽ ഒരുക്കാനായിരുന്നു പദ്ധതി. എസ്.ആർ.വി.സ്കൂളിന് മൂന്നുവശത്തും റോഡാണ്. ആവശ്യത്തിന് സുരക്ഷാ സൗകര്യങ്ങളൊന്നും ഒരുക്കാതെ പെൺകുട്ടികളെ ഇവിടെ താമസിക്കുന്നതിനെതിരെ ഒരു വിഭാഗം അദ്ധ്യാപകരും രംഗത്തുവന്നിരുന്നു.
ആൺകുട്ടികൾക്ക് സ്‌കൂൾ വളപ്പിൽ ഹോസ്റ്റലുണ്ട്. പെൺകുട്ടികൾക്ക് സ്‌കൂളിനു പുറത്താണ് താമസസൗകര്യം. സ്പോർട്സ് സ്‌കൂളിലെ കുട്ടികളുടെ പരിശീലനത്തിനും ഭക്ഷണത്തിനും താമസത്തിനും പണം മുടക്കുന്നത് സ്പോർട്സ് കൗൺസിലാണ്. പുറത്ത് ഹോസ്റ്റലൊരുക്കാൻ സ്പോർട്സ് കൗൺസിലിന് 75,000ലേറെ രൂപ ചെലവ് വരും. ഈ പശ്ചാത്തലത്തിലാണ് പെൺകുട്ടികളെ എസ്.ആർ.വിയിലേക്ക് മാറ്റാൻ ആലോചിച്ചത്. ബോയ്സ് സ്കൂളായ എസ്.ആർ.വിയിൽ ഇത്തവണ മുതൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. സ്‌കൂളിലെ ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി.
25 ലേറെ വിദ്യാർത്ഥിനികൾ പ്രതിസന്ധിയിൽ
ഹോസ്റ്റലില്ലെന്ന ഒറ്റക്കാരണം കൊണ്ട് സ്പോർട്സ് സ്‌കൂളിലെ 25ലേറെ പെൺകുട്ടികൾ എസ്.ആർ.വി യിലേക്കെത്തുമെന്നായിരുന്നു പ്രതീക്ഷ. എസ്.ആർ.വിയിൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. പനമ്പിള്ളി നഗർ സ്‌കൂളിൽ നിന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ ആറും ഹൈസ്‌കൂൾ വിഭാഗത്തിൽ 10ഉം കുട്ടികൾ എസ്.ആർ.വിയിലേക്ക് മാറി. 7 മുതൽ 10വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വരുമെന്നായിരുന്നു ആദ്യ തീരുമാനം.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ നിന്ന്
• സർക്കാർ സ്‌കൂളിൽ ഹോസ്റ്റൽ നിർമ്മിക്കാനുള്ള അധികാരം വിദ്യാഭ്യാസ വകുപ്പിന് മാത്രം
• കുട്ടികളെ മാറ്റുന്നതിന്റെ സാഹചര്യം പരിശോധിക്കണം
• സ്‌പോർട്‌സ് കൗൺസിൽ രേഖാമൂലം ഹോസ്റ്റൽ ആവശ്യപ്പെട്ടിട്ടില്ല.
ആസൂത്രണങ്ങൾ
ഹോസ്റ്റൽ നിർമ്മാണത്തിന് അനുമതി ലഭിച്ചാൽ ഉടൻ താത്കാലിക താമസ സൗകര്യം
എസ്.ആർ.വിയിലെ യു.പി ഓഡിറ്റോറിയം ഇതിന് ഉപയോഗിക്കും
പരിശീലനത്തിനുള്ള സൗകര്യങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ ഒരുക്കും