
കൊച്ചി: പൊതു വിതരണ സംവിധാനം കൂടുതൽ ജനകീയമാക്കാൻ ആരംഭിച്ച കെ. സ്റ്റോറുകൾക്ക് വൻ സ്വീകാര്യത. റേഷൻ കടകളുടെ മുഖച്ഛായ മാറ്റാൻ തുടങ്ങിയ കെ. സ്റ്റോറുകളിൽ (കേരള സ്റ്റോർ) ജനത്തിരക്കേറുകയാണ്.
ജില്ലയിൽ 146 കെ. സ്റ്റോറുകൾ തുടങ്ങാനായിരുന്നു സർക്കാർ തീരുമാനമെങ്കിലും പിന്നീട് വ്യാപാരികൾ കൂടുതലായെത്തിയതോടെ 151 സ്റ്റോറുകൾ തുടങ്ങി. സംസ്ഥാനത്ത് 1000 സ്റ്റോറുകൾ ആരംഭിക്കുകയാണ് സർക്കാർ ലക്ഷ്യം.
സർക്കാർ അനുമതിയുള്ള സാധനങ്ങളെ വിൽക്കാവൂവെന്ന ചട്ടത്തിലാണ് കെ. സ്റ്റോറുകൾ ആരംഭിച്ചത്. ഇവിടെ മറ്റു ബ്രാൻഡുകൾ അനുവദനീയമല്ല.
ഓൺലൈൻ സേവനങ്ങൾക്കായി കോമൺ സർവീസ് സെന്ററുകളും (സി.എസ്.സി) നടത്താം. ജില്ലയിലെ ഒമ്പത് സ്റ്റോറുകളിൽ സി.എസ്.സി സേവനമുണ്ട്.
10,000 രൂപവരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, യൂട്ടിലിറ്റി പേയ്മെന്റ് സംവിധാനം (വിവിധ ബില്ലുകൾ അടയ്ക്കാനുള്ള സംവിധാനം) തുടങ്ങിയവ ഇവിടെ ലഭിക്കും.
വരവേറ്റ് വ്യാപാരികൾ
കെ സ്റ്റോറുകൾ വന്നപ്പോൾ ആദ്യം വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ഇപ്പോൾ അതെല്ലാം മാറി. ഓരോ സ്ഥലങ്ങൾക്കനുസരിച്ച് വലിയ കച്ചവടം ഇവിടെ നടക്കുന്നുണ്ട്. പ്രതിമാസം പലർക്കും അധികമായി 10000 രൂപയോളം ലാഭം കിട്ടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വിൽക്കുന്ന ഉത്പന്നങ്ങൾ
ശബരി ഉത്പന്നങ്ങൾ
എം.എസ്.എം.ഇ ഉത്പന്നങ്ങൾ
മിൽമ ഉത്പന്നങ്ങൾ
ഐ.ഒ.സി ഛോട്ടു ഗ്യാസ് സിലിണ്ടർ
ജില്ലയിലെ കെ സ്റ്റോറുകൾ
(സപ്ലൈ ഓഫീസ്, സ്റ്റോറുകൾ)
ആലുവ- 26
കണയന്നൂർ- 21
കോതമംഗലം- 20
കുന്നത്തുനാട്- 28
മൂവാറ്റുപുഴ- 19
നോർത്ത് പറവൂർ- 18
കൊച്ചി- 9
സിറ്റി റേഷൻ ഓഫീസ് എറണാകുളം- 2
സിറ്റി റേഷൻ ഓഫീസ് കൊച്ചി-8
ആകെ സ്റ്റോർ- 151
റേഷൻ വ്യാപാരികൾക്ക് കെ സ്റ്റോർ ആരംഭിക്കുന്നതിനോട് ആദ്യം വിമുഖതയുണ്ടായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ ആളുകൾ എത്തുന്നുണ്ട്. താത്പര്യമുള്ളവർക്ക് ഇനിയും അനുമതി നൽകും
ടി. സഹീർ
ജില്ലാ സപ്ലൈ ഓഫീസർ
വ്യാപാരികൾക്ക് കെസ്റ്റോറുകൾ വഴി ലാഭം ലഭിക്കുന്നുണ്ട്. സാധനങ്ങൾ തീരുന്നതനുസരിച്ച് ആവശ്യാനുസരണം എത്തിക്കാനുള്ള നടപടി കൂടി അധികൃതർ ഒരുക്കണം
ഏലിയാസ് ഓളങ്ങാട്ട്
എറണാകുളം ജില്ലാ സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ