camera

കൊച്ചി: വർഷം ഒന്നായിട്ടും എങ്ങുമെത്താതെ നഗരത്തിൽ സി.സി.ടിവി സ്ഥാപിക്കുന്ന പദ്ധതി. നഗര സുരക്ഷയ്ക്ക് ബി.ഒ.ടി അടിസ്ഥാനത്തിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കലാണ് അനന്തമായി നീളുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സതേൺ ഇലക്‌ട്രോണിക്‌സ് ആൻഡ് സെക്യൂരിറ്റി സിസ്റ്റംസ് എന്ന കമ്പനിക്ക് പത്തു വർഷത്തേക്ക് കരാർ നൽകി ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. 600 ക്യാമറകൾക്ക് പകരമായി കമ്പനിയുടെ അത്രതന്നെ പരസ്യ ബോ‌ർഡുകൾ സ്ഥാപിക്കാനും അനുമതി നൽകിയിരുന്നു.

നഗരത്തിൽ സി.എസ്.എം.എൽ സ്ഥാപിച്ച വിളക്കുകാലുകളിൽ പത്തുവർഷത്തേക്ക് ഇല്യുമിനേറ്റഡ് പരസ്യബോർഡുകൾ സ്ഥാപിക്കണമെന്നതായിരുന്നു കരാർ. എന്നാൽ സി.എസ്.എം.എൽ ഇതിന് അനുമതി നൽകിയില്ലെന്നാണ് വിവരം. പദ്ധതിയിൽ അന്നുതന്നെ പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 600 പരസ്യബോർഡുകൾ സ്ഥാപിക്കുന്നതുവഴി പരസ്യ ഇനത്തിൽ തന്നെ കോടികളുടെ വരുമാനം കോ‌ർപ്പറേഷന് നഷ്ടമാകുമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചിരുന്നു. എന്നാൽ സമീപ നഗരസഭകളിലെല്ലാം ക്യാമറകൾ സ്ഥാപിച്ചതായും ഒറു ക്യാമറയ്ക്ക് കുറഞ്ഞത് 84,500 രൂപ ചെലവ് വരുമെന്നുമായിരുന്നു ഭരണപക്ഷാംഗങ്ങളുടെ പ്രതികരണം

ക്യാമറയുടെ ലക്ഷ്യങ്ങൾ

നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ക്യാമറ സഹായിക്കുമെന്നാണ് നഗരസഭയുടെ പക്ഷം. ഇടപ്പള്ളിയിലെ വിവിധ മേഖലകൾ, മഹാരാജാസ് ഗ്രൗണ്ട് തുടങ്ങി നഗരത്തിൽ വലിയ രീതിയിൽ മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് ക്യാമറകൾ വരുന്നതുകൂടി സാധിക്കും. നഗരസഭാ ആരോഗ്യ സമിതിയുടെ നിർദ്ദേശവും ഉൾക്കൊണ്ട് ക്യാമറ സ്ഥാപിക്കുമെന്നായിരുന്നു പദ്ധതിയിൽ പറഞ്ഞിരുന്നത്. ഈ അജണ്ട തന്നെ പല തവണ കോർപ്പറേഷൻ കൗൺസിലിൽ അവതരിപ്പിച്ചതാണ്. ക്യാമറകൾ സ്ഥാപിക്കണമെന്നത് കോടതിയുടെ നി‌ർദ്ദേശമാണെന്നും മേയർ അന്നത്തെ കൗൺസിലിൽ അറിയിച്ചിരുന്നു.

നഗരത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതോടുകൂടി പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം കുറയ്ക്കാനാകും.  കുറ്റകൃത്യങ്ങൾ കുറയ്ക്കാനും കുറ്റവാളികളെ പിടികൂടാനും ഇലക്ട്രോണിക് തെളിവ് ശേഖരിക്കാനും പൊലീസിന് ഉപകരിക്കും

പദ്ധതിക്ക് താത്പര്യപത്രം നൽകിയിട്ട് ഒരുവ‌ർഷം കഴിയാറായിട്ടും ക്യാമറകൾ സ്ഥാപിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിനാൽ കമ്പനിക്ക് നൽകിയ അനുമതി റദ്ദാക്കണം.

വി.കെ. മിനിമോൾ

ചെയർപേഴ്സൺ

മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി