
അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് ഭരണത്തിൽ അഴിമതിയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് സി.പി.എം ആരോപണം. പഞ്ചായത്തിലെ റോഡുകളിൽ അറ്റകുറ്റപണികൾ നടക്കുന്നില്ല. ജൽജീവൻ പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകളെല്ലാം തോടായി മാറിയിരിക്കുന്നു. പല റോഡുകളിലും കാൽനട പോലും സാദ്ധ്യമല്ല. ജലജീവൻപദ്ധതിക്ക് വേണ്ടി പൊളിക്കുന്ന റോഡുകൾ യഥാസമയം പൂർവസ്ഥിതിയിൽ ആക്കണമെന്ന വ്യവസ്ഥ നടപ്പാക്കാൻ കരാറുകാരൻ തയ്യാറായിട്ടില്ല. ഇതിന് പിന്നിൽ ഭരണപക്ഷത്തിന്റെ അഴിമതിയാണെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി രാജൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
ജലജീവൻ പദ്ധതിക്കായി വാട്ടർ ടാങ്ക് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് പൂർണമായി ചെലവഴിക്കാതെ വക മാറ്റി ശുചീകരണ പ്രവർത്തനങ്ങളിൽ നിന്ന് പഞ്ചായത്ത് ഒഴിഞ്ഞു നിൽക്കുകയാണ്.
ജൽജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കുക, ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് കാര്യക്ഷമമാക്കുക, സർക്കാർ അനുവദിച്ച ശുചീകരണ ഫണ്ട് വക മാറ്റിയത് അന്വേഷിക്കുക, പ്ലാസ്റ്റിക് മാലിന്യശേഖരണം സ്റ്റേഡിയത്തിൽ നിന്ന് മാറ്റുക, പ്ലാസ്റ്റിക് ശേഖരണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക, പ്ലാസ്റ്റിക് ശേഖരണത്തിനായി വാഹനം വാങ്ങിയതിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി രാജൻ പറഞ്ഞു.