
പെരുമ്പാവൂർ: വയനാട് പ്രകൃതിക്ഷോഭത്തിൽ തകർന്ന സ്കൂൾ ലൈബ്രറി പുനരുദ്ധരിക്കാൻ കഥാപുസ്തകങ്ങളുമായി വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനാശാല 'യുവത' പുസ്തകവണ്ടി യാത്ര തിരിച്ചു. പൊതുജനങ്ങളിൽ നിന്ന് സംഭാവനയായും പുസ്തക ചലഞ്ചിലൂടെയും സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളും യുവതയുടെ പ്രത്യേക ബുക് സ്റ്റാൾ വഴി സമാഹരിച്ച പുസ്തകങ്ങളുമായാണ് പുസ്തകവണ്ടി വയനാട്ടിലേക്ക് എത്തുന്നത്. ഏകദേശം 55,000 രൂപയുടെ പുതിയ പുസ്തകങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. പുസ്തക വണ്ടി മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് മേപ്പാടിയിൽ നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ യുവത പ്രവർത്തകർ ഈ പുസ്തകങ്ങൾ സ്ക്കൂൾ അധികൃതർക്ക് കൈമാറും. ഫ്ലാഗ് ഓഫ് ചടങ്ങിൽ യുവത കൺവീനർ എസ്. ഹരികൃഷ്ണൻ, ഗോവിന്ദ് അനിൽ കുമാർ, എസ്. അമൽ, അനിരുദ്ധൻ, ജെ. ഗായത്രി, വായനശാല സെക്രട്ടറി പി. രാജൻ, പ്രസിഡന്റ് എം.എം. മോഹനൻ , വളയൻചിറങ്ങര സ്കൂൾ ഹെഡ്മാസ്റ്റർ ജി. ആനന്ദകുമാർ എന്നിവർ പങ്കെടുത്തു.