കൊച്ചി: സാമ്പത്തിക തട്ടിപ്പ് പരാതികളെ തുടർന്ന് പ്രമുഖ ഇടതു യുവജന സംഘടനയുടെ തൃപ്പൂണിത്തുറ ബ്ളോക്കിന് കീഴിലെ ഒരു മേഖലാ സെക്രട്ടറിയെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കി. ഓൺലൈൻ ബിസിനസിന്റെ പേരിലും സംഘടനയുടെ ധനസമാഹരണത്തിന്റെ പേരിലും തൊഴിൽവാഗ്ദാനം ചെയ്തും ദശലക്ഷക്കണക്കിന് രൂപ നേതാവ് പിരിച്ചെടുത്തെന്നാണ് പരാതികൾ. യുവജന സംഘടന പുതിയ കാവിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫണ്ടും ഇയാൾ വെട്ടിച്ചിരുന്നു. ടൂർണമെന്റ് ഇടയ്ക്ക് മുടങ്ങിയെങ്കിലും സംഘടന ഇടപെട്ടാണ് പിന്നീട് പൂർത്തിയാക്കിയത്.
പാർട്ടി ജില്ലാ നേതൃത്വത്തിനും തൃപ്പൂണിത്തുറ ഏരിയാ നേതൃത്വത്തിനും ഉൾപ്പെടെ തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി ഏതാനും ആഴ്ചകൾക്ക് മുമ്പ് നടപടികൾ സ്വീകരിച്ചത്. പൊലീസിൽ പരാതികൾ ഇതുവരെ എത്തിയിട്ടില്ല. ബി.പി.സി.എല്ലിലും ഐ.ഒ.സിയിലും ജോലി വാഗ്ദാനം നടത്തി പലരിൽ നിന്ന് അഞ്ചു മുതൽ എട്ട് ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ട്. പാർട്ടിയിലെ മറ്റു ചിലരും ഈ തട്ടിപ്പിൽ പങ്കാളികളാണെന്ന് സംശയമുണ്ട്.
അടിയുറച്ച പാർട്ടി കുടുംബാംഗമാണ് പുറത്താക്കപ്പെട്ട സെക്രട്ടറി. പാർട്ടി അംഗത്വത്തിൽ നിന്നും ഉടനെ ഇയാളെ നീക്കുമെന്നാണ് സൂചന. തൃപ്പൂണിത്തുറ ഏരിയയ്ക്ക് കീഴിലെ ഒരു പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെയും ഏരിയാ കമ്മിറ്റിയംഗത്തിന്റെയും മകനാണ് യുവാവ്. ക്രിമിനൽ കേസിൽ നിന്നൊഴിവാകാൻ ബിസിനസ് സംബന്ധമായ ബാദ്ധ്യതകൾ കുടുംബം തീർത്തുവരികയാണ്. മാതാപിതാക്കൾക്കെതിരെയും പാർട്ടി നടപടിയുണ്ടായേക്കും. പോഷകസംഘടനയുടെ സംസ്ഥാന നേതാവ് കൂടിയാണ് ഇവരിൽ ഒരാൾ.