പറവൂർ: കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ സമുദ്രോത്പ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ കൗൺസിൽ അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷനായി. മത്സ്യബന്ധനത്തിന് തടസമാകുന്ന തരത്തിൽ പുഴകളിലും കായലുകളിലും അടിഞ്ഞുകൂടിയ പോളപ്പായലും എക്കലും നീക്കം ചെയ്യുക, ചെമ്മീൻ കെട്ടിന് കാലാവധി നീട്ടി നൽകുന്നത് അവസാനിപ്പിക്കുക, നിരോധിത പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം കർശനമായി തടയുക, കടലാക്രമണ ഭീഷണി നേരിടുന്ന വൈപ്പിൻ, കണ്ണമാലി പ്രദേശങ്ങളിൽ ടെട്രോപാഡ് നിർമിച്ച് സുരക്ഷിതമാക്കുക, പുഴകളിലും, കായലുകളിലും രാസമാലിന്യം ഒഴുകി വിടുന്നത് തടയുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എസ്. ശർമ്മ, ജോൺ ഫെർണാണ്ടസ്, പി.എ. ഹാരിസ്, കെ.ഡി. വേണുഗോപാൽ, അനിത തമ്പി, ഇ.വി. സുധീഷ്, കെ.കെ. രമേശൻ, ടി.കെ. ഭാസുരാദേവി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ. ഭാസുരാദേവി (പ്രസിഡന്റ്), വി.എസ്. ഷഡാനന്ദൻ, പി.ബി. ദാളോ, പി.സി. റോളണ്ട്, ഇ.ജി. പുഷ്പൻ, ഇ.സി. ശിവദാസ് (വൈസ് പ്രസിഡന്റുമാർ), യേശുദാസ് പറപ്പിള്ളി (സെക്രട്ടറി), എൻ.ഡി. ശ്രീജേഷ്, എ.എ. പ്രതാപൻ, ടി.എ. ഇബ്രാഹിംകുട്ടി, കെ.എം. റിയാദ്, പ്രതിഭ അൻസാരി (ജോയിന്റ് സെക്രട്ടറിമാർ). ഇ.വി. സുധീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.