
കൊച്ചി: സമൂഹത്തിന് സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽ ചലിക്കാൻ കവി തിലകൻ പണ്ഡിറ്റ് കറുപ്പന്റെ പ്രവർത്തനങ്ങൾ പ്രേരണ നൽകിയെന്ന് ജസ്റ്റീസ് എം. രാമചന്ദ്രൻ പറഞ്ഞു. പണ്ഡിറ്റ് കറുപ്പൻ സ്മാരക പുരസ്‌കാര സമർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ഗുണകരമാകുന്ന കാര്യങ്ങൾ ചിന്തിക്കുക മാത്രമല്ല പ്രായോഗിക പഥത്തിൽ എത്തിക്കാനും സമുദായ പ്രവർത്തനം സമൂഹ്യപ്രവർത്തനമാക്കാനും കറുപ്പൻ മാതൃകയായെന്ന് ജസ്റ്റിസ് പറഞ്ഞു.
പുരസ്കാരജേതാവ് അഹല്യ ശങ്കറിന്റെ അഭാവത്തിൽ മകൻ എൻ.പി. സുർജിത്ത് സിംഗ് വി.എച്ച്.പി. സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഫലകവും പ്രശസ്തിപത്രവും 25000രൂപയും അടങ്ങുന്നതാണ് അവാർഡ്. കറുപ്പൻ വിചാരവേദി അദ്ധ്യക്ഷൻ കെ.കെ. വാമലോചനൻ അദ്ധ്യക്ഷത വഹിച്ചു. വി.സുന്ദരം, എൻ.പി. രാധാകൃഷ്ണൻ, അഡ്വ.എം.ടി. മുരളീധരൻ, ചന്ദ്രികാ ഹരിദാസ്, സുനിൽ തീരഭൂമി, പി.ജി. സുഗുണൻ, സി. ജി. രാജഗോപാൽ, പ്രസന്ന ബാഹുലേയൻ, എസ്.സുബ്രഹ്മണ്യ അയ്യർ എന്നിവർ സംസാരിച്ചു.