കൊച്ചി: രാത്രിയിൽ റോഡരികിൽ സംസാരിച്ചുനിന്ന യുവതിയെയും സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ കലൂർ മണപ്പാട്ടിപ്പറമ്പ് സെക്കൻഡ് ക്രോസ് റോഡ് നിവാസികളായ 10പേർക്ക് എതിരെ എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസെടുത്തു.

മണപ്പാട്ടിപ്പറമ്പിലെ ഒരു വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവതിക്കും സുഹൃത്തിനുമാണ് മ‌ർദ്ദനമേറ്റത്.

കഴിഞ്ഞ 30ന് രാത്രി 9.20ന് ഇരുവരും യുവതിയുടെ മണപ്പാട്ടിപ്പറമ്പിലെ താമസസ്ഥലത്തിനടുത്ത് സംസാരിച്ച് നിൽക്കുമ്പോൾ പ്രദേശവാസികളായ ഒരുസംഘം ആളുകളെത്തി ചോദ്യം ചെയ്ത് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സദാചാരലംഘനം ആരോപിച്ചായിരുന്നു മർദ്ദനം. തടസം പിടിക്കാൻ ശ്രമിച്ച യുവതിയെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തു. ഇവരുടെ പരാതിയിൽ മണപ്പാട്ടിപ്പറമ്പ് സ്വദേശി സുലൈമാൻ എന്നയാൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസ്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് നോർത്ത് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.