* തുരുമ്പെടുത്ത് കൂറ്റൻ പൈലിംഗ് യന്ത്രം
* ഉപേക്ഷിച്ചിട്ട് വർഷങ്ങളായി

കൊച്ചി: മെട്രോ നിർമ്മാണത്തിനായെത്തിച്ച കൂറ്റൻ പൈലിംഗ് യന്ത്രം തിരക്കേറിയ വൈറ്റിലയിൽ ഉപേക്ഷിച്ചിട്ട് വർഷങ്ങൾ. വൈറ്റില ഹബ്ബിലേക്ക് തിരിയുന്ന ഭാഗത്ത് കണിയാമ്പുഴ റോഡിന്റെ തുടക്കത്തിലാണ് പൈലിംഗ്റിഗ് ഉപേക്ഷിച്ചിട്ടിരിക്കുന്നത്. ഇറ കൺസ്ട്രക്ഷൻ കമ്പനിയുടെ 10 ടണ്ണിലേറെ ഭാരവും 100അടിയിലേറെ ഉയരവുമുള്ള കൂറ്റൻയന്ത്രമാണ് റോഡരികിൽ കിടക്കുന്നത്.

കോടികൾ വിലമതിക്കുന്ന റിംഗ് വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് തുടങ്ങിയിട്ട് വർഷം 7കഴിഞ്ഞു. നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും വിദ്യാർത്ഥികളുമുൾപ്പെടെ ആയിരങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന റോഡും കടകളും മെട്രോയുടെ വയഡക്ടും ഒക്കെയുള്ളിടത്താണ് റിഗ് നിൽക്കുന്നത്. മെട്രോ നിർമ്മാണം തീരുന്നതിനനുസരിച്ച് റോഡ് ടാർ ചെയ്‌തെങ്കിലും റിഗ് കിടക്കുന്നതിനാൽ ഈ ഭാഗം മാത്രം ഒഴിച്ചിട്ടിരിക്കുകയാണ്. റിഗ് മാറ്റാൻ നാട്ടുകാരും ഓട്ടോ, ടാക്‌സി തൊഴിലാളികളും വ്യാപാരികളുമെല്ലാം പലവട്ടം ശ്രമിച്ചിട്ടും ഒന്നുമായില്ല.


കോടതി കയറിയ റിഗ്

2014ൽ ഡി.എം.ആർ.സിയും ഇറ കമ്പനിയും തമ്മിലുണ്ടായ തർക്കം കോടതി കയറി. കേസ് നീണ്ടതോടെ റിഗ് ഇറ കമ്പനി ഉപേക്ഷിച്ചു. പ്രവർത്തനം പൂർത്തീകരിക്കാത്തിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് നിർമ്മാണകരാറിൽനിന്ന് ഇറയെ മാറ്റിയതാണ് പുലിവാലായത്. റിഗ് മാറ്റാൻ കമ്പനി ഒരിക്കൽ ശ്രമംനടത്തി. കരാർജോലി പൂർത്തിയാക്കാത്തതിനാൽ ഇത് അധികൃതർ തടഞ്ഞതോടെയാണ് യന്ത്രം ഉപേക്ഷിക്കപ്പെട്ടത്.


കൈമലർത്തി മെട്രോ

റിഗ് മാറ്റുന്നതിന് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും ബന്ധപ്പെട്ടവർ മാറ്റണമെന്ന് പലവട്ടം അറിയിച്ചതാണെന്നും പറഞ്ഞ് മെട്രോയും കൈമലർത്തുകയാണ്. കോടതിയിലുള്ള പ്രശ്‌നത്തിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്നും മെട്രോ വിശദീകരിക്കുന്നു.

കൗൺസിലർ എന്ന നിലക്ക് നിരവധി തവണ ഇടപെട്ടു. കേസ് ഇപ്പോൾ കോടതിയിലാണ്. കളക്ടറെവരെ സമീപിച്ചിരുന്നു.

സുനിത ഡിക്‌സൺ
കൗൺസിലർ, വാർഡ് 49

യന്ത്രത്തിന്റെ പലഭാഗവും തുരുമ്പെടുത്ത് നശിച്ചു. ഏതുനിമിഷവും അത് തകർന്നുവീഴും. ബ്ലോക്കുള്ളപ്പോൾ പേടിച്ചാണ് ഇതുവഴി ഓട്ടോ ഓടിക്കുന്നത്.

സുധീഷ്
ഓട്ടോഡ്രൈവർ, പൊന്നുരുന്നി