നെടുമ്പാശേരി: നെടുമ്പാശേരിയിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം യാഥാർത്ഥ്യമായ കാലം മുതൽ നാട്ടുകാരുടെ ആവശ്യമായിരുന്ന അകപ്പറമ്പ് റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നു. പാലം നിർമ്മിക്കുന്നതിനായുള്ള പണം അനുവദിക്കാൻ സിയാൽ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമെന്ന് അൻവർസാദത്ത് എം.എൽ.എ അറിയിച്ചു.

25 വ‌ർഷം മുമ്പ് വിമാനത്താവളത്തിന്റെ നിർമ്മാണം ആരംഭിച്ച കാലം മുതൽ നാട്ടുകാരുടെ ആവശ്യമായിരുന്നു അകപ്പറമ്പ് റെയിൽവേ പാലം. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ടും അത്താണിയിൽ നിന്ന് എയർപോർട്ട് റോഡ് പൂർത്തിയാകുന്നത് വരെ യാത്രക്കാർ അകപ്പറമ്പ് വഴിയാണ് വിമാനത്താവളത്തിലേക്ക് പോയിരുന്നത്. റെയിൽവേ ഗേറ്റ് അടക്കുമ്പോൾ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ വരെ നീളുന്നത് പതിവായിരുന്നു. ഇപ്പോഴും അകപ്പറമ്പ് വഴി വിമാനത്താവളത്തിലേക്ക് വരുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്. ഇതിന് പുറമെ നാട്ടുകാരുടെ വാഹനങ്ങളും എത്തുമ്പോൾ വാഹനങ്ങളുടെ നിര ഇപ്പോഴും നീളുന്നു.

തൃശൂർ, അങ്കമാലി ഭാഗത്തുനിന്നും വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് അകപ്പറമ്പ് വഴി പോയാൽ ഏകദേശം അഞ്ച് കിലോ മീറ്റർ ലാഭവുമുണ്ട്. കാലടി, നായത്തോട്, ആവണംകോട് ഭാഗത്തുള്ളവർക്ക് വിമാനത്താവള റോഡ് ചുറ്റാതെ അകപ്പറമ്പ് - കരിയാട് റോഡിലൂടെ നേരിട്ട് ദേശീയപാതയിലുമെത്താം.

സിയാൽ അനുവദിച്ചത് 50 കോടി രൂപ

സ്ഥലം ഏറ്റെടുക്കാൻ 15 കോടി

പാലം നിർമ്മാണത്തിന് 35കോടി

എം.എൽ.എയുടെ സമ്മർദ്ദം പാലത്തിന് വഴിവച്ചു

അകപ്പറമ്പിൽ ആർ.ഒ.ബി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ നിരന്തരം സർക്കാരിനെ സമീപിച്ചിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് മുഖ്യമന്ത്രിക്ക് നേരിൽ കത്തുനൽകി ഫണ്ട് സിയാലിൽ നിന്ന് അനുവദിക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു പാലം യാഥാർത്ഥ്യമാക്കുന്നതിന് നടപടിയെടുത്ത മുഖ്യമന്ത്രിക്കും സിയാൽ ഡയറക്ടർ ബോർഡിനും എം.എൽ.എ നന്ദി അറിയിച്ചു

വർഷങ്ങൾക്ക് മുമ്പ് അകപ്പറമ്പ് റെയിൽ ഗേറ്റിൽ കുടുങ്ങിയ മുതിർന്ന കോൺഗ്രസ് നേതാവായ വയലാർ രവിയെ താൻ ബൈക്കിൽ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. അദ്ദേഹത്തന് വിമാനത്താവളത്തിൽ പ്രവേശിക്കേണ്ട അവസാന നിമിഷത്തിലാണ് യാദൃച്ഛികമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന താൻ അതുവഴി വന്നത് അന്നേ ഇവിടെ പാലം വേണമെന്ന് ആഗ്രഹിച്ചിരുന്നു

അൻവർ സാദത്ത്

എം.എൽ.എ