
കൊച്ചി: 2016ൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി നടൻ സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് പരിഗണിച്ചേക്കും. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹർജിയിൽ പറയുന്നു.
നടി അഞ്ചു വർഷം മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. അന്ന് ബലാത്സംഗം ചെയ്തതായി പറഞ്ഞിരുന്നില്ല. തിയേറ്ററിൽ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു അന്നത്തെ ആരോപണം. 2019 മുതൽ 2022 വരെ സമൂഹമാദ്ധ്യമങ്ങളിലും അഭിമുഖങ്ങളിലും അവർ പറഞ്ഞത് ഈ കഥയാണ്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ആരോപണങ്ങൾ തെറ്റാണെന്നും ഹർജിയിൽ പറയുന്നു.
 പിന്നിൽ ഡബ്ലിയു.സി.സി
പരാതിക്ക് പിന്നിൽ സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ലിയു.സി.സിയാണെന്നും ഹർജിയിലുണ്ട്. 2017 മുതൽ 'അമ്മ" ഭാരവാഹികൾക്കെതിരെ ഡബ്ലിയു.സി.സി വ്യാജ പ്രചാരണം നടത്തുകയാണ്. പ്രമുഖ നടനെതിരേ കേസ് വന്നപ്പോൾ കോടതി തീരുമാനം വരെ കാത്തിരിക്കാമെന്ന് പറഞ്ഞതോടെ അവർ തന്നെ ഉന്നമിട്ടു. അതിന് പിന്നാലെയായിരുന്നു ആദ്യ ആരോപണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ താൻ 'അമ്മ" ജനറൽ സെക്രട്ടറിയായിരുന്നു. കേസെടുക്കണമെങ്കിൽ പരാതിക്കാരുടെ മൊഴി ആവശ്യമാണെന്ന് നിലപാടെടുത്തു. പിന്നാലെയാണ് പരാതിക്കാരി പുതിയ മൊഴിയുമായി എത്തിയതെന്നും സിദ്ദിഖ് ആരോപിച്ചു.