
ആലുവ: സാമൂഹിക വിരുദ്ധരുടെ ശല്യമേറിയതോടെ നാട്ടുകാരുടെ പരാതിയിൽ ഇറിഗേഷൻ വകുപ്പ് അധികൃതർ രണ്ടാഴ്ച്ച മുമ്പ് അടച്ചുപൂട്ടിയ ആലുവയിലെ 'പ്രേമം' പാലത്തിന്റെ പൂട്ട് തകർത്ത നിലയിൽ. പാലത്തിന്റെ യു.സി കോളേജ് ഭാഗത്ത് സ്ഥാപിച്ച ഗേറ്റിന്റെ പൂട്ടാണ് ഇന്നലെ രാവിലെ തകർത്ത നിലയിൽ കണ്ടെത്തിയത്.
പെരിയാർവാലി എ.ഇയുടെ പരാതിയിൽ ബിനാനിപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആലുവ മാർക്കറ്റിന് സമീപം ഉളിയന്നൂർ കടവിൽ നിന്നാരംഭിച്ച് യു.സി കോളേജിന് സമീപം അവസാനിക്കുന്ന 2.2 കിലോമീറ്റർ ദൈർഘ്യമുള്ള അക്വാഡക്ടാണ് കഴിഞ്ഞ 17ന് മൂന്നിടത്തായി ഗേറ്റ് സ്ഥാപിച്ച് പൂട്ടിയത്. ഉളിയന്നൂരിലെയും തോട്ടക്കാട്ടുകരയിലെയും ഗേറ്റുകൾക്കോ പൂട്ടിനോ കേടുപാടുകളൊന്നുമില്ല.
പെരിയാർവാലി ഉദ്യോഗസ്ഥർക്ക് പുറമെ കൗൺസിലർ ടിന്റു രാജേഷ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ബീരാൻ എന്നിവരും സ്ഥലം സന്ദർശിച്ചു. പൂട്ട് തകർത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
'പ്രേമ’ത്തിലൂടെ പാലവും ഹിറ്റ്
പറവൂരിലേക്ക് കാർഷികാവശ്യത്തിന് വെള്ളം കൊണ്ടുപോകുന്നതിനായി അര നൂറ്റാണ്ട് മുമ്പ് നിർമ്മിച്ചതാണ് അക്വാഡക്ട് 2015ൽ 'പ്രേമം' സിനിമ ചിത്രീകരിച്ചതോടെയാണ് ഹിറ്റായത്. കമിതാക്കളും സാമൂഹിക വിരുദ്ധരും കഞ്ചാവ് വില്പനക്കാരുമെല്ലാം തമ്പടിച്ചതോടെ സമീപവാസികൾക്ക് ശല്യമായി. വീട്ടിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തേക്കിറങ്ങാനാകാതെയായി. നഗരസഭ 25-ാം വാർഡ് കൗൺസിലർ ടിന്റു രാജേഷ് പെരിയാർവാലിക്കും നഗരസഭയ്ക്കും നവകേരള സദസിലും പരാതി നൽകിയിരുന്നു.