
കൊച്ചി: അച്ചടക്ക നടപടി നേരിടുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്. സുജിത്‌ദാസ് 2018ൽ ആറ് യുവാക്കളെ ലഹരിമരുന്നു കേസിൽ കുടുക്കിയെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും സുജിത്‌ദാസിനെതിരെ വകുപ്പുതല നടപടിക്ക് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാംപ്രതി സുനിൽകുമാറിന്റെ ഭാര്യ രേഷ്മയാണ് കോടതിയെ സമീപിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് ആലുവ എടത്തല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അന്ന് നർക്കോട്ടിക്ക് സെൽ എ.എസ്.പിയായിരുന്ന സുജിത്‌ദാസിന്റെ തിരക്കഥ പ്രകാരം ഇത് മയക്കുമരുന്ന് കേസാക്കുകയും പ്രതികളെ മറ്റൊരു കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് ഹർജിക്കാരി ആരോപിക്കുന്നു. ഇവരുടെ വാഹനങ്ങളിൽ നിന്ന് രണ്ടര ഗ്രാം കഞ്ചാവു പിടിച്ചെന്നാണ് കേസെടുത്തത്. സ്പെഷ്യൽ ബ്രാഞ്ച് ഇക്കാര്യം അന്വേഷിച്ച് തെറ്റാണെന്ന് കണ്ടെത്തിയതാണ്. സുജിത്‌ദാസിനെതിരെ റിപ്പോർട്ടും നൽകിയിരുന്നു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ആറുവർഷം കഴിഞ്ഞിട്ടും അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.